അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാമെന്നു പ്രതീക്ഷിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ

 

ജീവിച്ചിരിപ്പുണ്ടെങ്കില്‍ 2018 ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണു തന്റെ പ്രതീക്ഷയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്ത്യയും ബംഗ്ലാദേശും ഇത്തവണ സന്ദര്‍ശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും ഇന്ത്യാ സന്ദര്‍ശനത്തിന്റെ നടപടിക്രമങ്ങള്‍ നീണ്ടുപോയതിനാല്‍, ബംഗ്ലാദേശും അടുത്തുള്ള മ്യാന്‍മറും തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്നു മാര്‍പാപ്പ പറഞ്ഞു. ദക്ഷിണേഷ്യയിലെ വിജയകരമായ ആറു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍നിന്നു റോമിലേക്കു മടങ്ങുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന മാധ്യമസംഘത്തിന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മാര്‍പാപ്പ.

ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശനം നടക്കാതെപോയതു ദൈവീക പദ്ധതിയുടെ ഭാഗമാണെന്നു മാര്‍പാപ്പ പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനം തന്നെ ഒരു മുഴുവന്‍ പരിപാടിയാണ്. കാരണം, ഇന്ത്യയുടെ തെക്കും വടക്കും വടക്കുകിഴക്കും മധ്യഭാരതവുമെല്ലാം സന്ദര്‍ശിക്കേണ്ടതുണ്ട്. അത്രയേറെ വിശാലവും വൈവിധ്യവും നിറഞ്ഞതാണ് ഇന്ത്യന്‍ സംസ്‌കാരം. ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനായിരുന്നു തന്റെ ശരിക്കുള്ള പരിപാടിയെങ്കിലും നടപടിക്രമങ്ങള്‍ വൈകിയതുകൊണ്ടാണു നടക്കാതെ പോയതെന്നു മാര്‍പാപ്പ വിശദീകരിച്ചു. സമയം വൈകിയതിനാല്‍ ബംഗ്ലാദേശും തൊട്ടടുത്തുള്ള മ്യാന്‍മറും സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സന്ദര്‍ശനം വൈകിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിനെ നേരിട്ടു കുറ്റപ്പെടുത്തിയില്ലെങ്കിലും നടപടിക്രമങ്ങള്‍ വൈകിയതിനാലാണ് ഇന്ത്യ സന്ദര്‍ശിക്കാതെ പോയതെന്ന വ്യക്തമായ മറുപടിയാണ് ഫ്രാന്‍സിസ് പാപ്പ നല്‍കിയത്. ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം മറയില്ലാതെ തുറന്നുപറയാനും മാര്‍പാപ്പ മടിച്ചില്ല. ഇന്ത്യയിലെ സര്‍ക്കാരിന്റെ അനുമതിയും ക്രിയാത്മക നടപടികളും മാത്രമാണ് ഇനിയാവശ്യം എന്ന സന്ദേശവും മറുപടിയിലുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: