മ്യൂസിക് സ്ട്രീമിംഗ് സേവനവുമായി യു ട്യൂബ്

 

അടുത്ത വര്‍ഷം മാര്‍ച്ചോടെ മ്യൂസിക് സ്ട്രീമിംഗ് സേവനം ലഭ്യമാക്കാന്‍ യു ട്യൂബ് ആലോചിക്കുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇത് പെയ്ഡ് സേവനമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിലൂടെ ആപ്പിള്‍, സ്പോട്ടിഫൈ തുടങ്ങിയ എതിരാളികളെ നേരിടാനുള്ള ഒരുക്കത്തിലുമാണു യു ട്യൂബ്. പുതിയ സേവനം ലഭ്യമാക്കുന്നതിലൂടെ യൂ ട്യൂബില്‍നിന്നും കൂടുതല്‍ വരുമാനം നേടാന്‍ ശ്രമിക്കുന്ന സംഗീത മേഖലയിലെ എക്സിക്യൂട്ടീവുകളെ ആകര്‍ഷിക്കുമെന്ന കാര്യം ഉറപ്പാണ്. വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പുമായി ഇതുസംബന്ധിച്ച കരാറില്‍ യു ട്യൂബ് ഒപ്പുവച്ചതായി സൂചനകളുണ്ട്.

സോണി എന്റര്‍ടെയ്ന്‍മെന്റ്, യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പ്, മെര്‍ലിന്‍ തുടങ്ങിയവരുള്‍പ്പെട്ട കണ്‍സോര്‍ഷ്യവുമായി യു ട്യൂബ് ചര്‍ച്ചയിലാണ്. നിലവില്‍ സ്പോട്ടിഫൈ, ആപ്പിള്‍ തുടങ്ങിയവര്‍ ഈ സേവനം നല്‍കുന്നുണ്ട്. ഇത് സംഗീതം അടിസ്ഥാനമാക്കിയ വ്യവസായത്തില്‍ ഒരു ഉണര്‍വ് ഉണ്ടാക്കുകയും ചെയ്തിരുന്നു.

സംഗീതത്തെ കുറിച്ചുള്ള വീഡിയോകളാണു യു ട്യൂബില്‍ ഏറ്റവും ജനപ്രീതിയുള്ളത്. ഒരു മാസം സംഗീതത്തെ ആസ്പദമാക്കിയുള്ള വീഡിയോകള്‍ യു ട്യൂബില്‍ വീക്ഷിക്കുന്നവരുടെ എണ്ണം ആഗോളതലത്തില്‍ 100 കോടിയോളം വരും. ഈ സാഹചര്യത്തിലാണു മ്യൂസിക് സ്ട്രീമിംഗ് സേവനത്തെ കുറിച്ച് യു ട്യൂബ് ചിന്തിക്കുന്നത്. 2011-ല്‍ യു ട്യൂബിന്റെ സഹോദര സ്ഥാപനമായ ഗൂഗിള്‍ പ്ലേ മ്യൂസിക്കിലൂടെ ഓഡിയോ സ്ട്രീമിംഗ് സേവനം ലഭ്യമാക്കിയിരുന്നു.

2016-ല്‍ പരസ്യരഹിതവും, വരിസംഖ്യ അടിസ്ഥാനമാക്കിയതുമായ യു ട്യൂബ് റെഡ് സേവനവും ആരംഭിച്ചിരുന്നു. ഈ വര്‍ഷം ആദ്യം ഗൂഗിള്‍ പ്ലേ മ്യൂസിക് സേവനം ഇന്ത്യയില്‍ ലഭ്യമാക്കിയിരുന്നു. ആപ്പിള്‍, സാവന്‍ തുടങ്ങിയ കമ്പനികളുമായി സാമ്യപ്പെടുത്തുമ്പോള്‍ ഗൂഗിളിന്റെ വരിസംഖ്യ താരതമ്യേന കുറവുമാണ്. മ്യൂസിക് സ്ട്രീമിംഗ് സേവനം ലഭ്യമാക്കുന്ന സ്പോട്ടിഫൈക്ക് പ്രതിമാസം 140 ദശലക്ഷം ഉപഭോക്താക്കളും ആപ്പിള്‍ മ്യൂസിക്കിന് 30 ദശലക്ഷം ഉപഭോക്താക്കളുമാണുള്ളത്.

https://www.youtube.com/watch?v=EpDuty5f6KM

ഡികെ

 

Share this news

Leave a Reply

%d bloggers like this: