ടു ജി അഴിമതി; രാജയും കനിമൊഴിയും കുറ്റക്കാരല്ല, എല്ലാപ്രതികളെയും കോടതി വെറുതെ വിട്ടു

 

രാജ്യത്തെ പിടിച്ചുലച്ച ടു ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍കേന്ദ്രമന്ത്രിമാരായ എ രാജ, കനിമൊഴി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ദില്ലിയിലെ സിബിഐ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. കേസില്‍ മൊത്തം 14 പ്രതികളാണ് ഉണ്ടായിരുന്നത്.

പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിഎംകെയ്ക്കും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ രാജയ്ക്കും കനിമൊഴിക്കും രാഷ്ട്രീയമായി വലിയ ആശ്വാസം ലഭിക്കുന്നതാണ് കോടതി വിധി.

സിബിഐ അന്വേഷിച്ച രണ്ടും, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിച്ച ഒരു കേസിലുമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി സെയ്നി വിധി പ്രസ്താവിച്ചത്. നേരത്തെ വിധിപ്രസ്താവനയുടെ തീയതി അറിയിക്കുന്നത് ഒരു തവണ കോടതി നീട്ടിവച്ചിരുന്നു. നവംബര്‍ ഏഴിന് വിധി പ്രസ്താവിക്കുന്ന തീയതി അറിയിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. അന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഡിസംബര്‍ അഞ്ചിന് വിധി പ്രസ്താവന തീയതി അറിയിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.

വിധിപ്രഖ്യാപനം തയാറാക്കുന്നത് പൂര്‍ണമായിട്ടില്ലെന്നും മൂന്നാഴ്ച കൂടി ഇതിന് ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധിപ്രഖ്യാപന തീയതി അറിയിക്കുന്നത് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റിയത്. തുടര്‍ന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറെ സുപ്രധാനമായ കേസിലെ വിധി ഈ മാസം 21 ന് പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചത്.

കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഡിഎംകെ നേതാക്കളായ കനിമൊഴി, എ രാജ എന്നിവരുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളും കഴിഞ്ഞതവണ കേസ് പരിഗണിച്ച നവംബര്‍ ഏഴിന് കോടതിയില്‍ ഹാജരായിരുന്നു.

മൊബൈല്‍ കമ്പനികള്‍ക്ക് ടു ജി സ്പെക്ട്രം അനുവദിച്ചതില്‍ ഒരു ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ആദ്യ യുപിഎ സര്‍ക്കാരില്‍ ഡിഎംകെ പ്രതിനിധിയായി ടെലികോം മന്ത്രിയായിരുന്ന എ രാജയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി അഴിമതി നടത്തിയെന്നാണ് കേസ്. ഡിഎംകെ എംപിയും പാര്‍ട്ടി നേതാവ് കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെ അറിവോടെയാണ് അഴിമതിക്ക് കളമൊരുങ്ങിയത് എന്നായിരുന്നു കേസ്.

സിഎജിയായിരുന്ന വിനോദ് റോയിയുടെ കണ്ടെത്തലാണ് യുപിഎ സര്‍ക്കാരിനെ ആകെ പിടിച്ചുകുലുക്കിയ സ്പെക്ട്രം അഴിതിയിലേക്ക് ചൂണ്ടുപലകയായത്. തുടര്‍ന്നാണ് കേസ് സിബിഐ അന്വേഷിച്ചതും പ്രമുഖരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചതും. കേസുമായി ബന്ധപ്പെട്ട് രാജയും കനിമൊഴിയും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്നു. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.

 

Share this news

Leave a Reply

%d bloggers like this: