അന്യഗ്രഹ ജീവികളെക്കുറിച്ച് പെന്റഗണ്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

 

അന്യഗ്രഹ ജീവികളും ഭൂമിയ്ക്ക് പുറത്ത് ജീവനുണ്ടോയെന്ന ചോദ്യവും ലോകത്ത് എല്ലാകാലങ്ങളിലും വാദപ്രതിവാദങ്ങള്‍ക്ക് കാരണമായിട്ടുള്ള വിഷയമാണ്. പ്രപഞ്ചത്തിന്റെ അറിയപ്പെടാത്ത കോണുകളില്‍ വസിക്കുന്ന അന്യഗ്രഹ ജീവികള്‍ ഭൂമിയിലേക്കെത്തുമെന്നും മനുഷ്യരെ അടിമകളാക്കുമെന്നും വിശ്വാസിക്കുന്നവരും ഏറെയുണ്ട്. എന്നാല്‍ ഇതെല്ലാം കെട്ടുകഥകളാണെന്നാണ് മറുഭാഗത്തിന്റെ വാദം. അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ വിവിധ രാജ്യങ്ങളിലെ ഏജന്‍സികള്‍ ഗവേഷണം നടത്തുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ പ്രതികരണം ലോകത്തെയാകെ ഞെട്ടിച്ചിട്ടുണ്ട്.

പ്രപഞ്ചത്തില്‍ മനുഷ്യര്‍ മാത്രമല്ല ജീവിക്കുന്നതെന്നും അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്താനുള്ള സാധ്യതയുണ്ടെന്നും അമേരിക്കന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം (പെന്റഗണ്‍) ഉദ്യോഗസ്ഥന്‍ ലൂയിസ് എലിസാണ്ടോയാണ് വെളിപ്പെടുത്തിയത്. 2014ല്‍ കാലിഫോര്‍ണിയയിലെ ആകാശത്ത് കണ്ട തിരിച്ചറിയപ്പെടാത്ത വസ്തുവിനോട് പ്രതികരിക്കുന്ന വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ലൂയിസിന്റെ വെളിപ്പെടുത്തല്‍. അന്യഗ്രഹ ജീവികളെ തിരിച്ചറിയുന്നതിനും അവയില്‍ നിന്നുള്ള ഭീഷണി തടയുന്നതിനുമായി പെന്റഗണ്‍ രഹസ്യ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അഡ്വാന്‍സ്ഡ് ഏവിയേഷന്‍ ത്രെറ്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാം എന്ന് പേരിട്ട ഈ ദൗത്യം അഞ്ച് വര്‍ഷം മുമ്പ് നിറുത്തി. എന്നാല്‍ ഈ പരീക്ഷണത്തില്‍ പ്രപഞ്ചത്തില്‍ മനുഷ്യര്‍ തനിച്ചല്ലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തുന്നതും ആളുകള്‍ കണ്ടതായി പറയപ്പെടുന്നതുമായ തിരിച്ചറിയപ്പെടാത്ത വസ്തുക്കളെ നിരീക്ഷിച്ച് അവ ഭൂമിക്ക് ഭീഷണിയാണോ എന്ന് പരിശോധിക്കുന്നതായിരുന്നു തങ്ങളുടെ ജോലിയെന്ന് അദ്ദേഹം പറഞ്ഞു. ഈ പരീക്ഷണത്തില്‍ നിരവധി കാര്യങ്ങളാണ് കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ ഇതില്‍ എല്ലാ കാര്യങ്ങളും കൃത്യമായി വിശദീകരിക്കാന്‍ കഴിയാത്തതാണ്. ഈ സാഹചര്യങ്ങളില്‍ യുക്തിക്കനുസരിച്ചാണ് നിഗമനങ്ങളിലെത്തിയത്. പക്ഷേ ഇപ്പോഴും പല കാര്യങ്ങളെക്കുറിച്ചും തങ്ങള്‍ക്ക് വ്യക്തതയില്ല.

പ്രപഞ്ചത്തിന്റെ ഏതോ കോണില്‍ നിന്നുള്ള വിമാനം ഭൂമിയിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരത്തിലുള്ള പല വസ്തുക്കളും തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരു രാജ്യത്തിന്റെയും ഉടമസ്ഥതയിലുള്ള വിമാനമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം വിമാനങ്ങള്‍ ഭൂമിയുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. ഇവ നമുക്ക് പരിചിതമായ ചലന നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: