വ്യാജ ഫോണ്‍ കോളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

വ്യാജ ഫോണ്‍ കോളിലൂടെ പ്രവാസികളുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പും എംബസി നല്‍കിയിട്ടുണ്ട്. പ്രവാസികളെ ഫോണില്‍ വിളിച്ച് അവരുടെ വ്യക്തിവിവരങ്ങള്‍ അറിയുകയും പണം തട്ടാന്‍ ശ്രമിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും എംബസി അറിയിച്ചു. പ്രാദേശിക അധികൃതര്‍ വഴിയാണ് ഇക്കാര്യം വ്യക്തമായതെന്നാണ് ലഭിക്കുന്ന വിവരം.

ഫോണ്‍ വിളിക്കുമ്പോള്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങളാണ് അന്വേഷിക്കുക. ഇവര്‍ ഫോണിലൂടെ പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ നാടുകടത്തല്‍ നേരിടേണ്ടിവരുമെന്ന ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകള്‍ നടത്തുന്നതെന്നും എംബസി അധികൃതര്‍ വ്യക്തമാക്കുന്നു. ഇ-മെയില്‍ വഴിയും ഇന്റര്‍നെറ്റ് സൈറ്റുകള്‍ വഴിയും വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത് പോലെ ഫോണ്‍ കോള്‍ വഴി വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്താനാണ് അവര്‍ ലക്ഷ്യംവച്ചിരിക്കുന്നതെന്നും എംബസി അറിയിച്ചു.

വിളിക്കുന്നവര്‍ ഏത് ഔദ്യോഗിക സ്ഥാനത്ത് നിന്ന് വിളിക്കുന്നതാണെന്ന് അവകാശപ്പെട്ടാലും ഇത്തരം ഫോണ്‍ കോളുകളെ വിശ്വസിക്കരുതെന്നും വ്യക്തിവിവരങ്ങള്‍ പറഞ്ഞുകൊടുക്കുകയോ പണം കൈമാറുകയോ ചെയ്യരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://indianembassydublin.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ  +353-1-4970806 നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: