എലിനോര്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ഇന്നത്തെ യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്; പല പ്രദേശങ്ങളും വെള്ളത്തില്‍

 

കനത്ത മഞ്ഞുവീഴ്ചക്ക് ശേഷം എലിനോര്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ഭീതി വിതക്കുകയാണ്. ഡിലന് പുറകെയെത്തിയ എലിനോര്‍ 139 കി.മി വേഗതയിലാണ് വീശിയടിക്കുന്നത്. ജീവന് തന്നെ ഭീഷണിയാകുന്ന എലിനോര്‍ കൊടുങ്കാറ്റ് ഭീതിയോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്. തീരപ്രദേശങ്ങളെല്ലാം നിതാന്ത ജാഗ്രതയിലാണ്. ആര്‍ത്തിരമ്പുന്ന തിരമാലകള്‍ തീരപ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിലാക്കിക്കഴിഞ്ഞു. ഗാല്‍വേയില്‍ കനത്ത വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡോനിഗല്‍, ഗാല്‍വേ, ലൈട്രിം, മയോ, സ്ലിഗോ, ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക് എന്നീ കൗണ്ടികളില്‍ മെറ്റ് ഐറാന്‍ ഓറഞ്ച് വാണിങ് പുറപ്പെടുവിച്ചു. അയര്‍ലണ്ടിന്റെ വടക്കന്‍ തീരപ്രദേങ്ങള്‍ വഴിയാണ് ഇപ്പോള്‍ കാറ്റിന്റെ സഞ്ചാരം. ഇന്ന് വൈകുന്നേരം വരെ ഓറഞ്ച് വാണിങ് നിലവിലുണ്ട്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാല്‍ മോട്ടോറിസ്റ്റുകള്‍ ജാഗ്രത പാലിക്കുക. ലെയിന്‍സ്റ്റര്‍, കാവന്‍, മോനഗന്‍, റോസ്‌കോണ്‍, ടിപ്പെററി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ വാണിങ്ങും പുറപ്പെടുവിച്ചിട്ടുണ്ട്.

55,000 ESB ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി സഞ്ചാര തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ കോനാക്ട് എയര്‍പോര്‍ട്ടില്‍ കാറ്റിന്റെ വേഗത 100 മൈല്‍സ് ആണ് രേഖപ്പെടുത്തിയത്. മായോ, ലൈട്രിം, സ്ലിഗോ, ഗാല്‍വേ, കാവന്‍, മോനഗന്‍ എന്നിവിടങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്..ഇന്ന് പകലോടെ പൂര്‍ണ്ണമായും വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ അറിയിച്ചു.

മിക്കയിടങ്ങളിലും മരങ്ങള്‍ വീണ് റോഡുകള്‍ അടച്ചിട്ടുണ്ട്. ഇന്നത്തെ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ട്രാക്കുകളിലും മറ്റും മരങ്ങള്‍ വീണതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യാത്രകള്‍ തടസ്സപ്പെടുകയോ വൈകുകയോ ചെയ്യാനുള്ള സാധ്യതകളുണ്ട്. ട്രെയിന്‍ യാത്രക്കാരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് അധികൃതര്‍ പറയുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: