പടിഞ്ഞാറന്‍ ഡബ്ലിനില്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ ഭീതിയില്‍…

ഡബ്ലിന്‍: പടിഞ്ഞാറന്‍ ഡബ്ലിനില്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ പതിവാകുന്നു. രാത്രിയിലും മറ്റും ഒറ്റപ്പെട്ട സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നത് ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. സംഘം ചേര്‍ന്നുള്ള ആക്രമണങ്ങളില്‍ കുടിയേറ്റക്കാരും ഇരകളായി മാറുന്നു. കഴിഞ്ഞ ദിവസം Clonee യിലെ Hazelbury പാര്‍ക്ക് ഏരിയയില്‍ ടാക്‌സിയില്‍ കയറിയ ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. ടാക്‌സിയില്‍ കയറിയതിനു ശേഷം സംഘം ഭീഷണി മുഴക്കി ഡ്രൈവറുടെ സ്മാര്‍ട്ട് ഫോണ്‍ പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ചില മാസങ്ങളിലായി ടാക്സി ഡ്രൈവര്‍മാര്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങള്‍ പതിവായതോടെ ഇതുവഴി ഓട്ടം നടത്താന്‍ ഡ്രൈവര്‍മാര്‍ തയ്യാറാവുന്നില്ല. പകല്‍ സമയത്ത് പോലും ഒറ്റപ്പെട്ട സ്ഥലത്തുകൂടി സഞ്ചരിക്കാന്‍ ഇവര്‍ വിസമ്മതിക്കുകയാണ്. ഇത് തുടര്‍ക്കഥ ആയതോടെ പടിഞ്ഞാറന്‍ ഡബ്ലിനില്‍ രാത്രിയില്‍ ടാക്‌സി കിട്ടാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. പടിഞ്ഞാറ് ഭാഗത്തുള്ള Clonee,Tryrellstown എന്നീ പ്രദേശങ്ങളിലാണ് പ്രശനം രൂക്ഷമായി തുടരുന്നത്.

രാത്രിയില്‍ ഇതുവഴി കാല്‍നടയായി യാത്ര ചെയ്യുന്നതും ഏറെ അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പിടിച്ചുപറിയും മോഷണവും കയ്യേറ്റവും വര്‍ധിച്ചതോടെ റെസിഡന്‍ഷ്യല്‍ ഏര്യകളില്‍ താമസിക്കുന്നവരും ഭീതിയിലാണ്. ആയുധധാരികളായ സംഘം വീടുകളില്‍ അതിക്രമിച്ച് കയറി ഇവരെ ബന്ദികളാക്കി മോഷണം നടത്തുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവിടെ ഒറ്റക്ക് താമസിക്കുന്ന പ്രായമായവരെ കേന്ദ്രീകരിച്ചും ആസൂത്രിത മോഷണങ്ങള്‍ വര്‍ധിച്ച് വരികയാണ്.

ഈ മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ ഗാര്‍ഡ കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു. ഗാര്‍ഡയുടെ രാത്രി പെട്രോളിംഗ് തുടരുന്നതിനിടയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഈ മേഖലയിലുള്ളവരെ പരിഭാന്തിയിലാക്കുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: