ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി സുപ്രീം കോടതിയില്‍ പ്രവര്‍ത്തനം നിരാകരിച്ച് വാര്‍ത്താ സമ്മേളനം

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍. കോടതി നിര്‍ത്തിവെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നീ ജഡ്ജിമാരും അദ്ദേഹത്തൊടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ചാണ് ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്.

അസാധാരണമായ സംഭവമാണിത്. ഒട്ടും സന്തോഷത്തോടെയല്ല ഇത്തരമൊരു നടപടിക്ക് തുനിഞ്ഞത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്. കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാണ് പ്രതിഷേധം. ഞങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് നാളെ ആരും കുറ്റപ്പെടുത്തരുത്. സുപ്രീം കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്വമെന്നും ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊളീജിയത്തിന്റെയും ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെയും പ്രവര്‍ത്തനത്തില്‍ നേരത്തെ തന്നെ ഒരു വിഭാഗം ജഡ്ജിമാര്‍ അതൃപ്തരായിരുന്നു. കേസുകള്‍ വിവിധ ബഞ്ചുകള്‍ക്ക് നല്‍കുന്നതിലും കൊളീജിയത്തിന്റെ പ്രവര്‍ത്തനത്തിലും സുതാര്യതയില്ലെന്നായിരുന്നു അതൃപ്തരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസിന് തന്നെ ജസ്റ്റീസ് ചെലമേശ്വര്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. വ്യാഴാഴ്ച കൊളീജിയം ചേര്‍ന്ന് സുപ്രീം കോടതിയിലേക്ക് പുതിയ ജഡ്ജിമാരെ നിര്‍ദേശിക്കുകയും ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതാണ് ഒരു വിഭാഗം ജഡ്ജിമാരെ ചൊടിപ്പിച്ചത്.

 

 

 

Share this news

Leave a Reply

%d bloggers like this: