ഷെറിന്‍ മാത്യൂസ് കൊലപാതകം: വളര്‍ത്തച്ഛന് എതിരെ കൊലക്കുറ്റം ചുമത്തി

മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് അമേരിക്കയില്‍ ടെക്സസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി. വെസ്ലിയുടെ ഭാര്യ സിനിയ്ക്കെതിരെ കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഡാലസ് കൗണ്ടിയിലെ ഗ്രാന്‍ഡ് ജൂറിയാണ് ഷെറിന്റെ വളര്‍ത്തുമാതാപിതാക്കള്‍ക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം ശരിവച്ചത്. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, കുട്ടിയെ ഉപദ്രവിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ പരോളില്ലാത്ത ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ വെസ്ലിക്ക് ലഭിക്കാം.

ഷെറിനെ ഉപേക്ഷിച്ചതിനും അപകടത്തിലാക്കിയതിനുമാണ് സിനി മാത്യൂസിനെതിരെ കേസെടുത്തിരിക്കുന്നത്.രണ്ട് മുതല്‍ ഇരുപത് വര്‍ഷം വരെ തടവ് ശിക്ഷ സിനിക്ക് ലഭിച്ചേക്കാം. ഷെറിന്റെ മരണം സംഭവിച്ചതെങ്ങനെയെന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും എന്താണ് ഉണ്ടായതെന്ന് തങ്ങള്‍ക്ക് ധാരണയുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വെസ്ലിക്കും സിനിക്കും പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2017 ഒക്ടോബര്‍ ഏഴിനാണു വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണിലെ വീട്ടില്‍നിന്നു ഷെറിനെ കാണാതായെന്ന് വെസ്ലി പോലീസിനെ അറിയിക്കുകയായിരുന്നു. കാണാതായത്. ഒക്ടോബര്‍ 22ന് വീടിനു അരക്കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്നു ഷെറിന്റെ മൃതദേഹം കണ്ടെത്തി.

പാല് കുടിക്കാത്തതിന് ശിക്ഷയായി ഷെറിനെ വീടിന് വെളിയില്‍ നിര്‍ത്തിയെന്നും പതിനഞ്ച് മിനിറ്റിന് ശേഷം നോക്കുമ്പോള്‍ അവളെ കണ്ടില്ലെന്നുമായിരുന്നു വെസ്ലിയുടെ ആദ്യ മൊഴി. എന്നാല്‍ കുട്ടിയുടെ ജഡം കാറില്‍ കൊണ്ടുപോയതിന്റെ തെളിവ് ലഭിച്ച അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ കുട്ടിയെ നിര്‍ബന്ധിച്ച് പാലു കുടിപ്പിക്കുന്നതിനിടെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് വെസ്ലി പറഞ്ഞത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റു എന്ന് വ്യക്തമായിരുന്നു.

എറണാകുളം സ്വദേശികളായ വെസ്ലിയും ഭാര്യ സിനിയും രണ്ടു വര്‍ഷം മുന്‍പാണ് ഷെറിനെ ബിഹാറില്‍നിന്നു ദത്തെടുത്തത്. ദമ്പതികളുടെ നാലു വയസുള്ള മകളെ ശിശു സംരക്ഷണ സമതി കൊണ്ടുപോയിരുന്നു. ഈ കുട്ടിയുടെ മേലുള്ള മാതാപിതാക്കളുടെ അവകാശം വരെ കോടതി എടുത്തു മാറ്റിയേക്കാന്‍ സാധ്യതയുണ്ട്. സിനി നഴ്സാണ്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: