ആശുപത്രി സേവനങ്ങളെക്കുറിച്ചറിയാന്‍ പുതിയ മൊബൈല്‍ ആപ്പുമായി താല ആശുപത്രി

ഡബ്ലിന്‍: ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുന്ന ആപ്ലിക്കേഷനുമായി താല ആശുപത്രി. അയര്‍ലണ്ടില്‍ പൊതു ആശുപത്രിയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നത്. ആശുപത്രി വാര്‍ഡുകള്‍, ബെഡ് ലഭ്യത, സൈറ്റ് മാപ്പ്, സന്ദര്‍ശക വിവരങ്ങള്‍, ഓരോ വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഈ ആപ്ലിക്കേഷന് കഴിയും.

മൊബൈലില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ ഉടനടി തന്നെ ലഭ്യമാകും. യു.കെയിലും, യു.എസിലും നിലവിലുള്ള ആരോഗ്യ സേവനങ്ങളെ മാതൃകയാക്കിയാണ് താലയും ഇത്തരമൊരു സേവനം ലഭ്യമാക്കുന്നത്. സൗജന്യമായി ലഭിക്കുന്ന ഈ ആപ്പ്, ആപ്സ്റ്റോറിലും ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വെച്ച് വേറിട്ട വഴികളിലൂടെ ആരോഗ്യസേവനം പൊതുജനങ്ങളിലെത്തിക്കാന്‍ ഇതിന് മുന്‍പ് താല ആശുപത്രി മികച്ച മാതൃകകള്‍ കാഴ്ചവെച്ചിരുന്നു. ചികിത്സ രംഗത്ത് രോഗികളെയും ആരോഗ്യ പ്രവര്‍ത്തകരെയും ബന്ധിപ്പിക്കുന്ന ലൂസി റോബോര്‍ട്ട്, TRASNA ടെലിമെഡിസിന്‍ സേവനം തുടങ്ങിയവ താല ആശുപത്രിയുടെ മാത്രം പ്രത്യേകതയാണ്. സ്‌ട്രോക്ക് രോഗികളെയും ഈ മേഖലയിലെ വിദഗ്ദ്ധരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടെലി മെഡിസിന്‍ സംവിധാനമാണിത്.

Pill Cam ആയിരുന്നു ആശുപത്രി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളില്‍ എടുത്തു പറയാവുന്ന മറ്റൊരു സാങ്കേതികത. രോഗിക്ക് ഒരു ഗുളിക നല്‍കി അത് വിഴുങ്ങുന്നതിലൂടെ ആന്തരാവയവങ്ങളുടെ വീഡിയോ റെക്കോര്‍ഡിങ് നടത്താന്‍ കഴിയുന്ന സംവിധാനമാണിത്. വളരെ സുതാര്യമായി രോഗങ്ങളും രോഗ ലക്ഷണങ്ങളും തിരിച്ചറിയുന്ന ഈ ചികിത്സാ രീതിയും താല ആശുപത്രിയെ വ്യത്യസ്തമാക്കുന്നു.

പൊതു ആശുപത്രികളില്‍ സൗകര്യങ്ങളും, സാങ്കേതിക സഹായങ്ങളും കുറയുമ്പോള്‍ ഏറ്റവും പുതിയ ചികിത്സാ രീതികള്‍ അവലംബിക്കുന്നതില്‍ താല ആശുപത്രി എന്നും ഒരുപടി മുന്നില്‍ തന്നെയാണ്. സേവന തത്പരരായ ഒരുപറ്റം വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവന സന്നദ്ധതയും താലക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് പുതിയ ആപ്പ് പ്രഖ്യാപന വേളയില്‍ ഡയറക്ടര്‍ ഡേവിഡ് വാളും സാക്ഷ്യപ്പെടുത്തുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: