അമേരിക്ക വളരുന്നത് ലോകത്തിനും ഗുണം; ലോക സാമ്പത്തീക ഫോറത്തില്‍ തിളങ്ങി ട്രംപ്

 

വാഷിങ്ടണ്‍: അമേരിക്ക ആദ്യം എന്നതിന് തങ്ങള്‍ മാത്രം എന്നര്‍ഥമില്ലെന്നും രാജ്യത്തെ വീണ്ടും പ്രഥമ സ്ഥാനത്ത് എത്തിക്കുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക സമൃദ്ധമായാല്‍ ലോകത്തെല്ലായിടത്തും അനവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ദാവോസില്‍ ലോക സാമ്ബത്തിക ഫോറത്തില്‍ സംസാരിക്കവേയാണ് ട്രംപ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ യുഎസ് ആദ്യം എന്നതിന് എപ്പോഴും ഉന്നല്‍ നല്‍കാറുണ്ട്. അതിനര്‍ഥം തങ്ങള്‍ മാത്രം എന്നതല്ല. അമേരിക്ക വളരുന്നതോടൊപ്പം ലോകത്തിനും ഗുണമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ അവരുടെ രാജ്യത്തെ ഒന്നാമതെത്തിക്കാന്‍ പരിശ്രമിക്കുന്നതുപോലെ തന്റെ വീക്ഷണത്തെയും കണ്ടാല്‍ മതിയെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

സ്വതന്ത്ര വ്യാപാരത്തെ താന്‍ അനുകൂലിക്കുന്നു. എന്നാല്‍ ആവശ്യങ്ങള്‍ ഉചിതവും പരസ്പര പൂരകങ്ങളുമായിരിക്കണമെന്നും ട്രംപ് പറഞ്ഞു. നീതിയുക്തമല്ലാത്ത വ്യാപാരങ്ങളോട് അമേരിക്ക ഇനി കണ്ണുകെട്ടിയിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബൗദ്ധിക സ്വത്തുക്കളുടെ അപഹരണം, വ്യവസായ സബ്‌സിഡികള്‍ തുടങ്ങിയവയെ പരാമര്‍ശിച്ചാണ് ട്രംപിന്റെ പ്രസ്താവന. ഇവയൊക്കെ ആഗോള വ്യാപാരത്തെയും വ്യവസായങ്ങളെയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുന്നുവെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. അമേരിക്കയെ മാത്രമല്ല ലോകത്തെയാകമാനം ഇത് ബാധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

അമേരിക്ക ഇപ്പോള്‍ വ്യവസായങ്ങള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും വീണ്ടും മത്സരക്ഷമത കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഇതിലും നല്ല സമയം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ കുടിയേറ്റ സംവിധാനങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി നിശ്ചലാവസ്ഥയിലായിരുന്നെന്നും തന്റെ സര്‍ക്കാര്‍ ഇത് നേരെയാക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

നിലവിലെ ഫാമിലി ചെയിന്‍ കുടിയേറ്റ സംവിധാനത്തില്‍ മാറ്റം വരുത്തും. പുതിയ ആളുകളെ സ്വീകരിക്കുന്നത് അവര്‍ എത്രത്തോളം അമേരിക്കന്‍ സമ്ബദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് വിലയിരുത്തിയാകും. അവരെ സാമ്ബത്തികമായി പിന്തുണയ്ക്കുന്നതോടൊപ്പം രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

കൊറിയന്‍ ഉപദ്വീപിനെ ആണവ വിമുക്തമാക്കാനുള്ള ചരിത്രപരമായ പരിശ്രമത്തിലാണ് തന്റെ സര്‍ക്കാരെന്നും ട്രംപ് വിശദീകരിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ എന്താണോ വേണ്ടത് അത് നടപ്പിലാക്കുകതന്നെ ചെയ്യുമെന്നും അമേരിക്കന്‍ പൗരന്‍മാരെയും അതിര്‍ത്തികളെയും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: