ട്രംപുമായി അടുപ്പമുണ്ടെന്ന ആരോപണത്തിനെതിരെ ശക്തമായി പ്രതികരിച്ച് നിക്കി ഹാലി; പിന്നില്‍ സ്ത്രീകള്‍ അധികാരം നേടുന്നതിലെ അസഹിഷ്ണുത

 

തനിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രണയബന്ധമുണ്ടെന്ന് അഭ്യൂഹങ്ങള്‍ ജുഗുപ്സാവഹമാണെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസിഡറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന സാധാരണമായ ഒരു ആരോപണമാണിതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അഭ്യൂഹങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് പൊളിറ്റിക്കോയുടെ ‘വുമെന്‍ റൂള്‍’ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വ്യാഴാഴ്ച അവര്‍ പറഞ്ഞു. ട്രംപ് കാലത്തെ വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ‘ഫയര്‍ ആന്റ് ഫ്യൂറി’ എന്ന പുസ്തകം രചിച്ച മൈക്കള്‍ വുള്‍ഫാണ് ഇത്തരത്തിലുള്ള ഒരു ആരോപണം ആദ്യം ഉന്നയിച്ചത്.

ഭരണകൂടത്തിലെ ഒരു ഉന്നതയുമായി ട്രംപിന് പ്രണയബന്ധമുണ്ടെന്നും ട്രംപിന്റെ പിന്‍ഗാമിയായി സ്വയം ഉയര്‍ത്തിക്കാണിക്കുന്ന വ്യക്തിയാണ് ആ സ്ത്രീയെന്നും വുള്‍ഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അവര്‍ ട്രംപുമായി ധാരാളം സ്വകാര്യ നിമിഷങ്ങള്‍ പങ്കിടുന്നുണ്ടെന്നും മൈക്കള്‍ വുള്‍ഫ് ആരോപിച്ചിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്ണിലും വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലും ഇരുവരും സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാറുണ്ടെന്നും വുള്‍ഫ് വിശദീകരിച്ചിരുന്നു.

എന്നാല്‍ താന്‍ ഒരിക്കല്‍ മാത്രമേ എയര്‍ ഫോഴ്സ് വണ്ണില്‍ കയറിയിട്ടുള്ളുവെന്നും അപ്പോള്‍ മറ്റ് നിരവധി ഉദ്യോഗസ്ഥര്‍ അവിടെ സന്നിഹിതരായിരുന്നുവെന്നും ഹാലി പറയുന്നു. ഓവല്‍ ഓഫീസില്‍ വച്ച് തന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് പ്രസിഡന്റുമായി സ്വകാര്യ ചര്‍ച്ച നടത്തിയെന്നാണ് വുള്‍ഫ് ആരോപിക്കുന്നത്. എന്നാല്‍ തന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ഒരിക്കല്‍ പോലും ട്രംപുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും താന്‍ ഒരിക്കലും പ്രസിഡന്റിനോടൊപ്പം ഒറ്റയ്ക്കായിട്ടില്ലെന്നുമാണ് ഹാലിയുടെ മറുപടി. ശക്തരായ സ്ത്രീകളോട് ഒരു ചെറിയ വിഭാഗം പുരുഷന്മാര്‍ കാണിക്കുന്ന അസഹിഷ്ണുതയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഹാലി വിശദീകരിച്ചു. നയ വിഷയങ്ങളില്‍ തനിക്കും പ്രസിഡന്റിനും ശക്തമായ അഭിപ്രായ ഐക്യമാണുള്ളതെന്നും നിക്കി ഹാലി പറഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: