വിസ ലോട്ടറി സംവിധാനം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് ഗുണകരം

 

വിസ ലോട്ടറി സംവിധാനം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം അമേരിക്കയില്‍ സ്ഥിര താമസത്തിന് അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ദശാബ്ദങ്ങളായി ഗ്രീന്‍ കാര്‍ഡിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഇന്ത്യന്‍ ഐടി വിദഗ്ധര്‍ക്കായിരിക്കും തീരുമാനം നടപ്പിലായാല്‍ ഏറ്റവും നേട്ടമുണ്ടാകുന്നത്. കോണ്‍ഗ്രസില്‍ ബില്‍ പാസാവുകയും നിയമമാവുകയും ചെയ്താല്‍ എച്ച്-1ബി വിസകള്‍ കര്‍ക്കശമാക്കിയത് കൊണ്ട് അനിശ്ചിതത്വത്തിലായിരിക്കുന്ന ഇന്ത്യന്‍ ഐടി വിദഗ്ധര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡൈവേഴ്സിറ്റി ഇമിഗ്രന്റ് വിസ പ്രോഗ്രാം നിര്‍ത്തലാക്കാനാണ് ട്രംപ് ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം പ്രതിവര്‍ഷം 50,000 പേര്‍ക്കാണ് ഗ്രീന്‍ കാര്‍ഡിനുള്ള വിസ അനുവദിക്കുന്നത്. അമേരിക്കയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡ്, യുഎസ് പൗരത്വത്തിനുള്ള ആദ്യ പടിയായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, ഡൈവേഴ്സിറ്റി വിസകള്‍ മികച്ച വിദഗ്ധരെ അമേരിക്കയിലേക്ക് ആകര്‍ഷിക്കില്ലെന്നാണ് ട്രംപ് ഭരണകൂടം വിലയിരുത്തുന്നത്. ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിലെ മുഖ്യ പ്രതി ഉള്‍പ്പെടെയുള്ള നിരവധി തീവ്രവാദികള്‍ ഈ സംവിധാനം ഉപയോഗിച്ച് അമേരിക്കയില്‍ എത്തിയവരാണെന്നും ട്രംപ് വിശ്വസിക്കുന്നു.

ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ചട്ടപ്രകാരം ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിനുള്ള ഒരു വഴിയാണിത്. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തില്‍ താഴ്ന്ന നിരക്ക് കാണിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഡൈവേഴ്സിറ്റി വിസ പ്രോഗ്രാം പ്രകാരം മുന്‍ഗണന നല്‍കുന്നത്. കുടുംബ സ്പോണ്‍സേഡ് പ്രോഗ്രാം, തൊഴിലധിഷ്ടിത കുടിയേറ്റം, അഭയാര്‍ത്ഥികള്‍, അമേരിക്കയില്‍ അഭയം തേടുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്ന മറ്റ് വഴികള്‍. ഡൈവേഴ്സിറ്റി വിസകള്‍ അനുവദിക്കുന്നതില്‍ ഭൂമിശാസ്ത്രപരമായ മുന്‍ഗണനയാണ് നല്‍കുന്നത്. തൊട്ടുമുമ്പുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ 50,000 ത്തില്‍ താഴെ പൗരന്മാര്‍ അമേരിക്കയിലേക്ക് കുടിയേറിയ രാജ്യങ്ങള്‍ക്കാണ് ഈ സംവിധാന പ്രകാരം മുന്‍ഗണന ലഭിക്കുന്നത്. മൊത്തം വിസയുടെ ഏഴ് ശതമാനത്തില്‍ കൂടുതല്‍ ഒരു രാജ്യത്തിനും അനുവദിക്കാറുമില്ല. എന്നാല്‍ രാജ്യങ്ങള്‍ക്ക് കോട്ട സമ്പ്രദായം നിലവിലുള്ളതിനാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദഗ്ധ തൊഴിലാളികളാണ് ഗ്രീന്‍ കാര്‍ഡിനായി ഊഴം കാത്തിരിക്കുന്നത്.

അമേരിക്കയിലേക്ക് ധാരാളം പൗരന്മാര്‍ കുടിയേറുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള പതിനെട്ട് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഡൈവേഴ്സിറ്റി വിസകള്‍ക്ക് അപേക്ഷിക്കാനാവില്ല. ഈ നിയമം പിന്‍വലിക്കപ്പെടുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഐടി, ഗവേഷണ വിദഗ്ധര്‍ക്ക് വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: