യൂറോപ്യന്‍ കമ്മീഷന് പിന്നാലെ ഗൂഗിളിന് 136 കോടിയുടെ ഇന്ത്യന്‍ പിഴ

 

വിശ്വാസ്യതാ ലംഘനത്തിന് സേര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 136 കോടി രൂപയുടെ പിഴ വിധിച്ചു. മാട്രിമോണി.കോമും കന്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസേറ്റിയും 2012ല്‍ നല്‍കിയ പരാതിയിലാണ് നടപടി. സേര്‍ച്ച് എഞ്ചിന്‍ മാര്‍ക്കറ്റില്‍ തങ്ങള്‍ക്കുള്ള മേധാവിത്വം ഉപയോഗിച്ച് സേര്‍ച്ച് റിസല്‍ട്ടുകളില്‍ ഗൂഗിള്‍ കൃത്രിമം കാണിക്കുന്നു എന്നതായിരുന്നു പരാതി.

ഗൂഗിള്‍ സെര്‍ച്ചില്‍ പക്ഷപാതിത്വം കാണിക്കുന്നതായി കണ്ടെത്തിയതായും അതിലൂടെ പരാതിക്കാരുടെ എതിരാളികള്‍ക്കും ഉപയുക്താക്കള്‍ക്കും ദോഷം ചെയ്തതായും കണ്ടെത്തിയതായി 190 പേജുള്ള ഉത്തരവില്‍ സിസിഐ വ്യക്തമാക്കി. ഓണ്‍ലൈന്‍ വെബ് സെര്‍ച്ചിലുള്ള തങ്ങളുടെ മേധാവിതവം ഉപയോഗിച്ച് ഗൂഗിള്‍ ഓണ്‍ലൈന്‍ സിന്‍ഡിക്കേറ്റ് സെര്‍ച്ച് സെര്‍വീസിലെ തങ്ങളുടെ സ്ഥാനം ശക്തമാക്കാന്‍ ശ്രമിച്ചു എന്നു സിസിഐ കുറ്റപ്പെടുത്തി.

2013, 2014 2015 കാലയളവില്‍ ഇന്ത്യയില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സമാഹരിച്ച ശരാശരി വരുമാനത്തിന്റെ 5 ശതമാനമായ 135.86 കോടിയാണ് പിഴ ശിക്ഷയായി വിധിച്ചിരിക്കുന്നത്.

വിധിയോട് പ്രതികരിച്ചുകൊണ്ട് ഗൂഗിള്‍ വക്താവ് ഇങ്ങനെ പറഞ്ഞു, ”ഞങ്ങളുടെ ഉപയോക്തകകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനം നവീകരിക്കുക മാത്രമാണു ഞങ്ങള്‍ ചെയ്തത്. കോംപറ്റീഷന്‍ കമ്മീഷന്‍ പരിശോധിച്ച ബഹുഭൂരിപക്ഷം പ്രശനങ്ങളിലും ഞങ്ങള്‍ ഇന്‍ഡ്യന്‍ കോംപറ്റീഷന്‍ നിയമങ്ങളോടൊത്തു പോകുന്നുണ്ട് എന്നാണ് വ്യക്തമായത്. കമ്മീഷന്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പുനഃപരിശോധിക്കുകയും അടുത്ത പടി എന്തായിരിക്കണം എന്നു ഞങ്ങള്‍ വിലയിരുത്തുകയും ചെയ്യും.”

അതേ സമയം ഗൂഗിളിന്റെ തനതായ സെര്‍ച്ച് ഡിസൈനിലും ആഡ് വേര്‍ഡ്‌സിലും ഓണ്‍ലൈന്‍ഡിസ്ട്രിബ്യൂഷന്‍ കരാറുകളിലും എന്തെങ്കിലും ലംഘനം നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നു സി സി ഐ പറഞ്ഞു.

വിശ്വാസ്യത ലംഘനത്തിന്റെ പേരില്‍ നേരിട്ട ഈ നടപടി ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കനത്ത തീര്‍ച്ചടി തന്നെയാണ്. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ കമ്മീഷന്‍ 240 കോടി യൂറോയുടെ ഫൈനാണ് കമ്പനിക്കെതിരെ ചുമത്തിയത്. തങ്ങളുടെ ഷോപ്പിംഗ് സെര്‍വീസിന് മുന്‍ഗണന നല്‍കുന്നതിന് വേണ്ടി എതിരാളികളെ ബോധപൂര്‍വ്വം പ്രമോട്ട് ചെയ്യാതിരുന്നതിനാണ് അന്നത്തെ ശിക്ഷ. ഈ ഉത്തരവിനെതിരെ ഗൂഗിള്‍ അപ്പീല്‍ നല്കിയിരിക്കുകയാണ്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: