ഡോണള്‍ഡ് ട്രമ്പ് ജൂണിയര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു; ഇന്ത്യയില്‍ രണ്ടിടങ്ങളില്‍ ട്രംപ് ടവേഴ്സ് ഉയരും

 

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ മകനും, ട്രമ്പ് ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഡോണള്‍ഡ് ട്രമ്പ് ജൂണിയര്‍ ഫെബ്രുവരി അവസാനം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. ഗുര്‍ഗ്രാം, കോല്‍ക്കത്ത എന്നിവിടങ്ങളില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ചേര്‍ന്ന് ആരംഭിക്കുന്ന ട്രമ്പ് ടവേഴ്സിന്റെ ഔദ്യോഗിക ലോഞ്ചിംഗിനാണ് ട്രമ്പ് ജൂണിയര്‍ എത്തുന്നത്.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഗുര്‍ഗ്രാമില്‍ 1200 കോടി രൂപയുടെ ലക്ഷ്വറി ഹൗസിംഗ് പ്രൊജക്ടാണ് നടപ്പാക്കുന്നത്. എം3എം ഇന്ത്യ, ട്രിബേക്ക ഡെവലപ്പേഴ്സ് എന്നീ റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് ഇവിടെ ട്രമ്പ് ഗ്രൂപ്പുമായി സഹകരിക്കുന്നത്. സോഫ്റ്റ് ലോഞ്ചിംഗ് നടത്തി 25 ദിവസത്തിനകം 450 കോടി രൂപയുടെ സെയില്‍സ് ബുക്കിംഗ് ഇവിടെ ലഭിച്ചതായി ഇന്ത്യന്‍ കമ്പനികള്‍ അറിയിച്ചു. അഞ്ചു കോടി മുതല്‍ പത്തു കോടി വരെ വിലയുള്ള 3,4 ബെഡ്റും ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകളാണ് ആദ്യഘട്ടത്തില്‍ ഇവിടെ നിര്‍മിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കോല്‍ക്കത്തയിലെ ട്രമ്പ് ടവര്‍ സംബന്ധിച്ച് പ്രഖ്യാപനം വന്നത്. രണ്ടു മാസത്തിനുള്ളില്‍ 70 ശതമാനം സെയില്‍സ് ബുക്കിംഗ് നടന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 140 അള്‍ട്രാ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകളാണ് ഈ ട്രമ്പ് ടവറില്‍ നിര്‍മിക്കുന്നത്. പൂന, മുംബൈ എന്നിവിടങ്ങളിലും ട്രമ്പ് ഗ്രൂപ്പ് ലക്ഷ്വറി ഹൗസിംഗ് പ്രൊജക്ടുകള്‍ നടപ്പാക്കുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: