കൊടും ശൈത്യത്തിന്റെ മറവില്‍ താല ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച; ഒന്‍പതോളം പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു

 

വെസ്റ്റ് ഡബ്ലിനിലെ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ ഒന്‍പത് പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഫോര്‍ച്ച്യൂണ്‌സ് ടൗണ്‍ ലൈനിലെ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജെസിബി ഉപയോഗിച്ച് മേല്‍ക്കൂരയും ചുമരും പൊളിച്ച് ഒരു സംഘം അകത്ത് കടന്നത്. കെട്ടിടം പൊളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മോഷ്ടിച്ച വസ്തുക്കളുമായി ഓടുന്നവരെയും വീഡിയോയില്‍ കാണാം. കൗമാരക്കാരായവരും സംഘത്തില്‍ ഉണ്ടായിരുന്നു. രാജ്യവ്യാപകമായി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരിക്കയായിരുന്നു.

മുപ്പതോളം പേരടങ്ങുന്ന കവര്‍ച്ച സംഘം സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ അതിക്രമിച്ചു കടക്കുന്നതായി ഇന്നലെ വൈകിട്ട് ഗാര്‍ഡയ്ക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. എന്നാല്‍ കനത്ത മഞ്ഞ് റോഡില്‍ മൂടി കിടക്കുന്നതിനാല്‍ തക്കസമയത്ത് ഗാര്‍ഡയ്ക്ക് സംഭവസ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ സമയം കൊണ്ടുതന്നെ സംഘം സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുകയും കാര്‍ മോഷണവും ഉള്‍പ്പെടെ ഗുരുതരമായ സംഭവങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു. ലോക്കല്‍ സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തുകയും ശേഷം ഒന്‍പത് പേരെ ഗാര്‍ഡ അറസ്റ്റുചെയ്യുകയും ചെയ്തു. ഗാര്‍ഡയുടെ നിര്‍ദ്ദേശമനുസരിച്ച് സൈന്യവും സംഭവ സ്ഥലത്തെത്തിയിരുന്നു.

ലീഡില്‍ സൂപ്പര്‍ മാര്‍ക്കറ്റിനു പുറമെ ജോബ്‌സ് ടൗണിലെ സെന്‍ട്ര സ്റ്റോറിലും കവര്‍ച്ച ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൂപ്പരമാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിച്ച് സേഫ് പാതിതുറന്ന നിലയില്‍ ഉപേക്ഷിക്കപെട്ടതായി കണ്ടെത്തി. ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് സംഭവസ്ഥലത്തെത്തിയെങ്കിലും തീപിടുത്തം ഇല്ലാത്തതിനാല്‍ പിന്‍വാങ്ങി. കവര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനായി തല ഗാര്‍ഡ സ്റ്റേഷനിലെ 01 666 6000 എന്ന നമ്പറുമായോ ഗാര്‍ഡയുടെ രഹസ്യ ഹെല്‍പ്പ് ലൈനായ 1800 666 111 എന്ന നമ്പറുമായോ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

 

 

എ എം

 

 

 

 

Share this news

Leave a Reply

%d bloggers like this: