ലെയിന്‍സ്റ്റര്‍ മേഖലയില്‍ ഓറഞ്ച് വാണിങ് തുടരുന്നു; രാജ്യത്തെ സ്‌കൂളുകള്‍ പലതും അടഞ്ഞ് തന്നെ

 

മഞ്ഞ് വീഴ്ചയും കടുത്ത ശൈത്യവും തുടരുന്ന ലെയ്ന്‍സ്റ്റര്‍ മേഖലയില്‍ ഓറഞ്ച് വാണിങ് തുടരുമെന്ന് മെറ്റ് ഐറാന്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും ഗതാഗത സംവിധാനങ്ങള്‍ താറുമാറാകുകയും ചെയ്തിരുന്നു. ഇതിനു പുറകെ റെഡ് അലേര്‍ട്ടും ഈ പ്രദേശങ്ങളില്‍ നിലനിന്നുരുന്നു. എമ്മ ശൈത്യകാറ്റ് അടങ്ങിയതിനെ തുടര്‍ന്ന് ഇവിടെ യെല്ലോ വാണിങ്ങിലെക്ക് മാറിയെങ്കിലും മഞ്ഞ് വീഴ്ച കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് വാണിങ് പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ നിലവില്‍ വന്ന മുന്നറിയിപ്പ് നാളെ രാവിലെ 10 മണി വരെ തുടരും.

ഇന്ന് രാത്രിയും മഞ്ഞ് വീഴ്ച തുടരുകയും ശരീരം മരവിക്കുന്ന തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. പ്രാദേശിക മേഖലകളില്‍ വെള്ളപ്പൊക്ക സാധ്യതയും നിലനില്‍ക്കുന്നുണ്ട്. താപനില മൈനസ് നാല് ഡിഗ്രി വരെ താഴാം. അതേസമയം രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്കെത്തുന്നു. മൂന്ന് നാല് ദിവസമായി അടഞ്ഞ് കിടന്ന സ്‌കൂളുകള്‍ പലതും ഇന്ന് വീണ്ടും തുറന്നു. എന്നാല്‍ റോഡുകള്‍ പലതും മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ ഗതാഗത സംവിധാനങ്ങള്‍ പഴയപടി ആയിട്ടില്ല. ഇത് ചില സ്‌കൂളുകള്‍ അടച്ചിടാന്‍ അധികൃതരെ നിര്‍ബന്ധരാക്കുന്നു.

എന്നിസ്‌കോര്‍ത്തി വെക്‌സ്‌ഫോര്‍ഡ് ടൗണ്‍ റോഡില്‍ മഞ്ഞ് വീഴ്ചമൂലം വാഹങ്ങള്‍ തെന്നി അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് റോഡ് സുരക്ഷാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെക്‌സ്‌ഫോര്‍ഡിലെ ഇരുപത്തഞ്ചോളം റോഡുകള്‍ ഇപ്പോഴും അടഞ്ഞ് കിടക്കുകയായണ്. വിക്കലോ കില്‍ഡെയര്‍ പ്രദേശങ്ങളില്‍ രൂപപ്പെട്ട മഞ്ഞ് മതില്‍ കാരണം കുടുംബങ്ങള്‍ക്ക് വീടുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ട അവസ്ഥയാണ്. കാവന്‍ ടൗണ്‍, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് പ്രദേശങ്ങളില്‍ പുകമഞ്ഞ് യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഡ്രൈവര്‍മാര്‍ ഈ ഏരിയകളില്‍ ഫോഗ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കണമെന്ന് ഗാര്‍ഡ നിര്‍ദേശിച്ചു.

വെക്‌സ്‌ഫോര്‍ഡ്, വെസ്റ്റ് വിക്ലോ, വടക്കന്‍ കില്‍ഡെയര്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. അതാത് പ്രദേങ്ങളിലെ കാലാവസ്ഥ വ്യത്യങ്ങള്‍ക്കനുസരിച്ച് സ്‌കൂളുകള്‍ തുറക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രധാനമായും ആശ്രയിക്കുന്ന ബസ് ഐറാന്‍ സര്‍വീസുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനക്ഷമാകുമെന്ന് അറിയിച്ചിരുന്നു. അതേസമയം പല ബസ് റൂട്ടുകളും ഇപ്പോഴും ഗതാഗത യോഗ്യമായിട്ടില്ല. വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനമായും കണക്കിലെടുക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തേര്‍ഡ് ലെവല്‍ കോളേജുകളും ഇന്നു മുതല്‍ ക്‌ളാസുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

എ എം

 

Share this news

Leave a Reply

%d bloggers like this: