അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നൂറു കണക്കിന് മലയാളികള്‍ ജീവന്റെ മഹത്വം ഉയര്‍ത്തി പിടിക്കാന്‍ ഡബ്ലിനില്‍

ഡബ്ലിന്‍: ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രോലൈഫ് മാര്‍ച്ചിന് ഈ വര്‍ഷം മലയാളിക്രൈസ്തവരില്‍നിന്നും അഭൂതപൂര്‍വമായ പ്രതികരണം. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നൂറു കണക്കിന് മലയാളികളാണ് റാലിയില്‍ അണിനിരന്നത്. ഡബ്ലിന്‍ സിറ്റി സെന്ററിലെ പാര്‍ണെല്‍ സ്‌ക്വയറില്‍ നിന്നും ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിച്ച റാലിയില്‍ സീറോ മലബാര്‍ സഭയുടെ പ്രതിനിധികളായി അനേക വിശ്വാസികള്‍ പങ്കെടുത്തു.

വിവിധ മാസ്സ് സെന്ററുകളില്‍ നിന്നും റാലിയില്‍ പങ്കെടുക്കുവാന്‍ വാഹന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഗര്‍ഭച്ഛിദ്രത്തെ തടയുന്ന എട്ടാം ഭരണഘടന ഭേദഗതി നിലനിര്‍ത്തണമെന്ന് (SAVE 8th ammendment) ആവശ്യപ്പെട്ടു കൊണ്ട് നടന്ന റാലിയില്‍ മനുഷ്യ ജീവനെ ആദരിക്കുവാനും സ്‌നേഹിക്കുവാനും സംരക്ഷിക്കുവാനും ശുശ്രുഷിക്കുവാനുമാണ് സഭ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുന്നതിന്റെ പ്രതീകമായാണ് വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡബ്ലിനിലെ പ്രോലൈഫ് സംഗമത്തില്‍ പങ്കാളികളായത്.

കയ്യില്‍ ജീവന്റെ മഹത്വം ഉത്ഘോഷിക്കുന്ന വിവിധ പ്ലാക്കാര്‍ഡുകളും പിടിച്ച് കൊച്ചുകുട്ടികള്‍ മുതല്‍ സീനിയര്‍ സിറ്റിസണ്‍സ് വരെ, വൈദികസന്യസ്തര്‍ മുതല്‍ വൈദിക മേലധ്യക്ഷന്മാര്‍ വരെ മാര്‍ച്ചില്‍ അണിനിരന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും, ഭിന്നശേഷിക്കാരായ കുട്ടികളുമായി മാതാപിതാക്കളും, നടക്കാന്‍വയ്യാത്ത കുഞ്ഞുങ്ങളെ സ്ട്രോളറില്‍ ഇരുത്തി ഉന്തി ബന്ധുജനങ്ങളും, പ്രോലൈഫ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി റാലിയില്‍ പങ്കെടുത്തു.

കത്തോലിക്ക സ്‌കൂളുകളില്‍ നിന്നും വൈദിക സെമിനാരികളില്‍ നിന്നുമായി ധാരാളം പേര്‍ ചാര്‍ട്ടേര്‍ഡ് ബസുകളിലായി തലസ്ഥാനത്ത് എത്തിചേര്‍ന്ന് ജീവന്റെ മഹത്വം ഉത്ഘോഷിച്ചുകൊണ്ട് ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് ജാഥയില്‍ പങ്കുചേര്‍ന്നു. വിവിധ ഇടവകകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, കന്യാസ്ത്രിമഠങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിനു വൈദികരും, കന്യാസ്ത്രിമാരും, അല്‍മായരും, പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും ജീവന്‍ രക്ഷാമാര്‍ച്ചില്‍ തോള്‍ചേര്‍ന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ എന്ന പേരിലറിയപ്പെടുന്ന ജീവന്‍ സംരക്ഷണറാലി സമാധാനപരമായി ഡബ്ലിനില്‍ നടന്നുവരുന്നു. അയര്‍ലണ്ടിന്റെ നാനാഭാഗങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരും, വോളന്റിയര്‍മാരും, അനുഭാവികളും ജീവന്റെ സംരക്ഷണത്തിനായി ഒത്തുകൂടിയത് മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്.

ഗര്‍ഭസ്ഥശിശു മാതാവിന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പുമായി കുതിക്കുന്നതു മുതല്‍ സ്വാഭാവികമായി ആ ജീവന്‍ നശിക്കുന്നതുവരെ മനുഷ്യജീവന്‍ വളരെ പരിപാവനവും, വിലമതിക്കാനാവാത്തതുമാണെന്നും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതു സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും വിളിച്ചോതിക്കൊണ്ടായിരുന്നു പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും സമാധാനപരമായി റാലിയില്‍ പങ്കെടുത്തത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: