അയര്‍ലണ്ടിലേക്ക് പോപ്പിന്റെ വരവിനുള്ള മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

ഡബ്ലിന്‍: ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തുന്ന പോപ്പിന്റെ വരവിന് ഔദ്യോഗിക തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ഓഗസ്റ്റ് മാസത്തില്‍ അയര്‍ലണ്ടിലെത്തുന്ന മാര്‍പ്പാപ്പയ്ക്ക് ഗംഭീര സ്വീകരണമൊരുക്കാന്‍ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലേക്കടുക്കുന്നു. ആഗോള കുടുംബ സംഗമത്തിന്റെ പ്രധാന വേദിയായ ഡബ്ലിനില്‍ അയര്‍ലണ്ടുകാരെ സംബോധന ചെയ്യാന്‍ എത്തുന്ന പോപ്പ് കോര്‍ക്കിലും സന്ദര്‍ശനം നടത്തുമെന്നാണ് അറിവ്.

യൂറോപ്പില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ മാര്‍പ്പാപ്പയ്ക്ക് ഉയര്‍ന്ന സംരക്ഷണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. അയര്‍ലണ്ടിലേക്കുള്ള പോപ്പിന്റെ സന്ദര്‍ശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ വ്യക്തമാക്കി. രാജ്യത്തെ വന്‍കിട ബിസിനസ്സ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സഭാ നേതൃത്വം നേരിട്ട് സന്ദര്‍ശനം നടത്തി സംഭാവനകള്‍ സ്വീകരിച്ച് വരികയാണ്. ലക്ഷക്കണക്കിന് യൂറോ ചിലവുള്ള ആഗോള കുടുംബ സംഗമത്തിന് പകുതിയോളം തുക സമാഹരിക്കേണ്ടത് സഭാ നേതൃത്വം തന്നെയാണ്.

തന്റെ വരവില്‍ ജയില്‍ പുള്ളികളെ സന്ദര്‍ശിക്കണമെന്ന താത്പര്യം മാര്‍പ്പാപ്പ സൂചിപ്പിച്ചിട്ടുണ്ട്. വത്തിക്കാനില്‍ നിന്നും ഒരു സംഘം അനുയായികള്‍ പോപ്പിനെ അനുഗമിക്കുന്നുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ലക്ഷ്യമിടുന്നത്. പോപ്പിന്റെ സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുള്ള ഒരുക്കങ്ങളില്‍ ശ്രദ്ധ പാലിക്കാനാണ് രാഷ്ട്രീയ നേതൃത്വം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കത്തോലിക്കാ സഭയുടെ പരമോന്നത പുരോഹിതനെ കാണാന്‍ അയര്‍ലണ്ടില്‍ വന്‍ ജനസമുദ്രം ആയിരിക്കും കാത്തിരിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: