കുടിവെള്ളത്തില്‍ അര്‍ബുദത്തിന് കാരണമായ അപകടകാരിയായ രാസവസ്തുവിന്റെ സാന്നിദ്ധ്യം; ഐറിഷ് വാട്ടറിന് 6000 യൂറോ പിഴ

ഡബ്ലിന്‍: കുടിവെള്ളമെത്താന്‍ കാലതാമസമെടുത്തതിന് ഐറിഷ് വാട്ടറിന് എന്‍വിറോണ്മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പിഴ ചുമത്തി. രണ്ട് കാരണങ്ങളാണ് ഐറിഷ് വാട്ടറിനുമേല്‍ പിഴ ഏര്‍പ്പെടുത്താന്‍ ഇ.പി.എ-യെ നിര്‍ബന്ധിതമാക്കിയത്. കുടിവെള്ളമെത്തിക്കുന്നതിലെ കാലതാമസം കൂടാതെ കുടിവെള്ളത്തില്‍ THMS (Trihalomethanes)-ന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് മറ്റൊരു ആരോപണം. കുടിവെള്ളം മാലിന്യവിമുക്തമാക്കാന്‍ ഉപയോഗിക്കുന്ന ക്‌ളോറിന്റെ ഉപ ഉത്പന്നമാണ് THMS.

ഒരു ലിറ്റര്‍ വെള്ളത്തില്‍ 100 മില്ലി ഗ്രാം വരെ THMS അനുവദനീയമാണ്. എന്നാല്‍ ഐറിഷ് വാട്ടറിന്റെ ജലവിതരണത്തില്‍ 150 മിലീഗ്രാം വരെ ഈ രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഡോനിഗളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ് ഈ അപകട സാധ്യത കണ്ടെത്തിയതെന്ന് ഇ.പി.എ ഇന്‍സ്പെക്ടര്‍ ഡെര്‍വല്‍ ഡെവണി വ്യക്തമാക്കി.

Cashelard, Fintown, Greencastle, Gortahork-Falcarragh, Narinportnoo, Rathmullan തുടങ്ങിയ വിതരണ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച ജല സാമ്പിളില്‍ വന്‍ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്ന ഉയര്‍ന്ന തോതിലുള്ള THMS-ന്റെ അളവ് കണ്ടെത്തി. ആയിരക്കണക്കിന് ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന ഐറിഷ് വാട്ടറിന്റെ വാട്ടര്‍ പ്ലാന്റുകള്‍ അത്യാവശ്യമായി ശുദ്ധീകരിക്കുന്നതിന് ഉടന്‍ നടപടി കൈക്കൊള്ളണമെന്നും ഇ.പി.എ അന്ത്യ ശാസനം നല്‍കിയിരിക്കുകയാണ്.

THMS-ന്റെ അളവ് കൂടുന്നത് അര്‍ബുദബാധ ഉണ്ടാക്കുമെന്ന് ലോക ആരോഗ്യ സംഘടനാ ഉള്‍പ്പെടെയുള്ള ആരോഗ്യ സംഘടനകള്‍ തെളിയിച്ചിരുന്നു. ദീര്‍ഘകാലത്തെ ഉപയോഗം ശരീരത്തിലെ ആന്തരാവയവങ്ങള്‍ സാരമായി ബാധിക്കും. യൂറോപ്യന്‍ യൂണിയന്റെ ജല വിതരണ നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിനാണ് ഐറിഷ് വാട്ടറിനുമേല്‍ 6000 യൂറോ പിഴ ചുമത്തിയത്. ഡബ്ലിന്‍ കോടതിയില്‍ ഈ കേസ് നിലനില്‍ക്കവെയാണ് ഇ.പി.എ യുടെ നടപടി.

ഡികെ

Share this news

Leave a Reply

%d bloggers like this: