ലിഗയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്: സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ മുടിയിഴകള്‍ കസ്റ്റഡിയില്‍ ഉള്ളവരുടേത്; ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിരുന്നതായി സൂചന

ഐറിഷ് യുവതി ലിഗ സ്‌ക്രൊമേനെയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണം കൊലപാതകം ആകാമെന്ന നിഗമനത്തെ ഉറപ്പിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാകാമെന്ന് ഇത് നല്‍കുന്ന സൂചന.

ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്ന നേരത്തെയുള്ള നിഗമനത്തെ സാധൂകരിക്കുന്നതാണ് ഈ വിവരം. തൂങ്ങിയുള്ള മരണമാണെങ്കില്‍ താടിയെല്ലിന് ഉള്‍പ്പെടെ പരിക്കുണ്ടാകാന്‍ ഇടയുണ്ട്. ഇതുണ്ടായിട്ടില്ല എന്നാണ് ആദ്യ നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലിഗയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്നും ലഭിച്ച മുടി കസ്റ്റഡിയിലുള്ളവരില്‍ ഒരാളുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ കേസില്‍ വളരെ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, പ്രതികളുടെ അറസ്റ്റ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ബോട്ടിംഗിനെന്ന വ്യാജേന പ്രതികള്‍ ലിഗയെ കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന സംശയവും പൊലീസ് ഉയര്‍ത്തുന്നുണ്ട്. ലിഗയുടെ മൃതദേഹം കിടന്നിരുന്ന കണ്ടല്‍ക്കാടിലെ വള്ളിപ്പടര്‍പ്പില്‍ നിന്ന് കഴിഞ്ഞ ദിവസം പൊലീസിന് മുടിയിഴകള്‍ ലഭിച്ചിരുന്നു. മൃതദേഹം തൂങ്ങിക്കിടന്നിരുന്ന സ്ഥലത്ത് കണ്ടെത്തിയ വള്ളികൊണ്ടുള്ള കുടുക്കില്‍ നിന്നാണ് മുട ലഭിച്ചത്. ഇതും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ മുടിയിഴകളും പൊലീസ് പരിശോധനയക്ക് അയക്കുകയായിരുന്നു. ഇതിലാണ് സംഭവസ്ഥലത്തുനിന്ന് ലഭിച്ച മുടിയിഴകള്‍ പ്രതികളിലൊരാളുടെതാണെന്ന് വ്യക്തമായത്.

അന്വേഷണത്തിന്റെ ഭാഗമായി റേഞ്ച് ഐജി മനോജ് എബ്രഹാം സ്ഥലത്തെത്തിയിട്ടുണ്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മരണം സംബന്ധിച്ച് ചില തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കു ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചേക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ലഭിച്ച വിവരങ്ങള്‍ സ്ഥിരീകരിച്ച് മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ലിഗയെ കണ്ടല്‍ക്കാടിലേക്ക് എത്തിച്ച ബോട്ട് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ചില അനധികൃത ടൂറിസ്റ്റ് ഗൈഡുകളും സ്ഥിരമായി വിദേശികളുമായി ഈ ഭാഗത്ത് എത്തുന്നവരുമാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: