വാട്സ്ആപ്പിന്റെ തലപ്പത്തേക്ക് ഈ ഇന്ത്യക്കാരനെ പരിഗണിക്കുന്നു

450 മില്യണ്‍ ഉപഭോക്താക്കളുള്ള വാട്സ്ആപ്പിന്റെ മേധാവിയായി ഇന്ത്യക്കാരനും ഡല്‍ഹി ഐ.ഐ.ടി ക്കാരനുമായ നീരജ് അറോറയെ പരിഗണിക്കുന്നു. വാട്സ്ആപ്പിന്റെ സഹസ്ഥാപകനും സി.ഇ.ഒ യുമായ ജാന്‍ കോം കഴിഞ്ഞ ദിവസം രാജിവച്ച സാഹചര്യത്തിലാണ് വാട്സ്ആപ്പിന്റെ ബിസിനസ് എക്സിക്യൂട്ടീവായ് അറോറയെ മേധാവിയായി എത്തിയേക്കുമെന്ന സൂചന ഉയര്‍ന്നിട്ടുള്ളത്. വാട്സ്ആപ്പിനെ ഫെയിസ്ബുക്ക് സ്വന്തമാക്കുന്നതിനു മുമ്പ് 2011 മുതല്‍ അറോറ മെസേജ് ആപ്പിന്റെ ഭാഗമാണ്. ഗൂഗിള്‍ കോര്‍പറേറ്റ് ഡെവലപ്മെന്റ് മാനേജറായും അറോറ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാടസ്ആപ്പിന്റെ തലപ്പത്തേക്ക് അറോറ നിയമിക്കപ്പെട്ടാല്‍ ലോകത്തിലെ ഏറ്റവും പ്രമുഖ ടെക് കമ്പനികളുടെ സാരഥ്യം വഹിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി അദ്ദേഹം മാറും. ഗൂഗിളിന്റെ തലപ്പത്തുള്ള സുന്ദര്‍ പിചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ലാ എന്നിവരുടെ പിന്‍ഗാമിയായ അറോറ എത്തുന്നത് ഇന്ത്യയ്ക്ക് അഭിമാനം പകരുന്ന കാര്യമായിരിക്കും.

ഡല്‍ഹി ഐ.ഐ.ടി യില്‍ നിന്ന് എന്‍ജിനിയറിംഗ് ബിരുദം നേടിയ ശേഷം ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ അറോറ മാനേജ്മെന്റ് പഠനം നടത്തിയിരുന്നു. ടൈംസ് ഇന്റര്‍നെറ്റ്, ഗൂഗിള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ച ശേഷം വാട്സ്ആപ്പിലെത്തിയ അറോറ അസാമാന്യ കഴിവുകളുള്ള സമര്‍ഥനാണെന്ന് സഹപാഠികള്‍ സാക്ഷ്യപ്പെടുത്തി. ഉന്നതങ്ങളില്‍ എത്തുമ്പോഴും സൗമ്യതയും വിനീത മനോഭാവവും അറോറയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും കൂട്ടുകാര്‍ എടുത്തു പറയുന്നു.

2011 നവംബറില്‍ വാട്സ്ആപ്പില്‍ 10 ജീവനക്കാര്‍ മാത്രമുള്ളപ്പോഴാണ് അറോറ അവിടെ ചേരുന്നത്. ഗൂഗിളിലെ കോര്‍പറേറ്റ് ഡെപലപ്മെന്റ് പരിചയമാണ് അറോറയെ അവിടേക്ക് ക്ഷണിക്കുന്നതിന് കാരണമായത്. വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി എസ്.എം.എസ് റേറ്റ് സംബന്ധിച്ച് മൊബൈല്‍ ഫോണ്‍ കമ്പനികളുമായി ആശയവിനിമയം നടത്തുക എന്ന ഭഗീരഥ പ്രയത്നമാണ് അറോറയെ വാട്സ്ആപ്പില്‍ കാത്തിരുന്നത്. 450 മില്യണ്‍ ഉപഭോക്താക്കളുള്ള മെസേജ് ആപ്പായി വാട്സ്ആപ്പിനെ വളര്‍ത്തുന്നതില്‍ അറോറ സുപ്രധാന പങ്കാണ് വഹിച്ചത്. ഇന്ത്യയില്‍ വാട്സ്ആപ്പ് വലിയ മുന്നേറ്റം നടത്തിയതിനു പിന്നിലും അറോറയുടെ കൂര്‍മബുദ്ധിയുണ്ടായിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: