കേരളത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍; ആശങ്കയോടെ പൊതുജനം; ആരോപണവുമായി നേതാക്കള്‍

കണ്ണൂരില്‍ സി.പി.എം നേതാവ് കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഒരു സംഘം വെട്ടിക്കൊല്ലപ്പെടുത്തിയതോടെ ജനങ്ങളില്‍ ആശങ്ക പടര്‍ത്തി കേരളത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ സജീവമാകുകയാണ്. സംഭവത്തില്‍ ആരോപണവും പ്രത്യാരോപണവുമായി നേതാക്കള്‍ രംഗത്തെത്തി. സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയാണെന്ന് ആരോപിച്ച് മന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

കണ്ണൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭ മുന്‍ കൗണ്‍സിലര്‍ പള്ളൂരിലെ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് ഇ പി ജയരാജന്‍ ആരോപിച്ചു. ബാബുവിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും കൊലപാതകത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്നും സിപിഎം ആരോപിക്കുമ്പോള്‍ ഷമോജിനെ കൊലപ്പെടുത്തിയത് സിപിഎം ആണെന്ന് ബിജെപി കുറ്റപ്പെടുത്തി.

മാഹിയില്‍ ഇന്നലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ അഭിപ്രായപ്പെട്ടു. പുതുച്ചേരി പോലീസ് കേരളത്തോട് സഹായം തേടിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മും ബി.ജെ.പിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ തലശ്ശേരി സബ് ഡിവിഷന്‍ പരിധിയില്‍ സുരക്ഷ ശക്തമാക്കി. പോലീസ് പെട്രോളിംഗും വാഹന പരിശോധനയും തുടരുകയാണ്. മാഹിയുടെ സമീപ പ്രദേശങ്ങളായ ചൊക്ലി, പള്ളൂര്‍, ന്യൂമാഹി പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിച്ചിട്ടുണ്ട്. സംഘര്‍ഷം പടരാതിരിക്കാനായി എ.ആര്‍. ക്യാമ്പിലെ ഒരു കമ്പനി പോലീസിനെയാണ് ഈ മേഖലയില്‍ നിയോഗിച്ചിരിക്കുന്നത്.

സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് മാഹി മുന്‍ കൗണ്‍സിലറും സിപിഐഎം നേതാവുമായ ബാബു വെട്ടേറ്റ് കൊല്ലപ്പെട്ടത്.

ഒരു മണിക്കൂര്‍ ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമേജ് കൊല്ലപ്പെട്ടു. ചുരുങ്ങിയ ദൂരത്തിലാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയായ രണ്ടു പേരുടേയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ മാഹിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും, സിപിഎം നേതാവ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത് എട്ടംഗ സംഘമാണെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമോജിനെ വെട്ടിയത് ആറംഗ സംഘമെന്നും പോലീസ് വ്യക്തമാക്കി.

ഏറെ നാളുകളായി സ്ഥലത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണെന്ന് പോലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കേരളത്തില്‍ വീണ്ടും രാഷ്ട്രീയകൊലപാതക പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: