കില്‍ഡെയറില്‍ അനധികൃത ഗുളിക നിര്‍മ്മാണ ഫാക്ടറി; അയര്‍ലണ്ടില്‍ എത്തുന്ന വ്യാജ മരുന്നുകളുടെ ചുരുള്‍ അഴിയുന്നു.

കില്‍ഡെയര്‍: വ്യാജ മരുന്ന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ വന്‍ മാഫിയ സംഘം അറസ്റ്റില്‍. പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കില്‍ഡെയറില്‍ പ്രവര്‍ത്തിച്ച് വരുന്ന വ്യാജ മരുന്ന് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് പിടിയിലായ വന്‍ മാഫിയ സംഘത്തിന് രാജ്യത്ത് നടക്കുന്ന പല കൊലപാതകങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന സൂചനയും ലഭിക്കുന്നുണ്ട്.

ഔഷധ നിര്‍മ്മാണത്തോടൊപ്പം ഇവരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് ഗാര്‍ഡ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രഗ്ഗ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. മണിക്കൂറില്‍ 7000 ഗുളികകള്‍ വരെ ഇവിടെ നിര്‍മ്മിക്കപ്പെടുന്നുണ്ട് എന്നാണ് പ്രാഥമിക വിവരം.

ഔഷധ നിര്‍മ്മാണവുമായി ബന്ധപ്പെട്ട രാസവസ്തുക്കള്‍, ടാബ്ലെറ്റ് പ്രസ്സിങ് മെഷീനുകള്‍ എന്നിവ ഫാക്റ്ററിയില്‍ നിന്നും കണ്ടെത്തി. ഇവിടെ നിന്നും ഹെറോയിനും പിടിച്ചെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അയര്‍ലണ്ടില്‍ വ്യാജ മരുന്ന് ഉത്പന്നങ്ങള്‍ വര്‍ധിക്കുന്നതായി എച്ച്.എസ്.ഇ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വഴിയും അനധികൃത മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നതായും പല ആരോഗ്യ സര്‍വേകളും ചൂണ്ടിക്കാട്ടിയിരുന്നു.

അമിത വണ്ണം കുറക്കുക, ശരീര പുഷ്ടി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആകര്‍ഷകമായ തലക്കെട്ടുകളോടെ സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകള്‍ വിപണനം ചെയ്യപെടുന്നതായും വാര്‍ത്ത ഉണ്ടായിരുന്നു. കില്‍ഡെയറിലെ ഈ മരുന്ന് ഉത്പാദന കേന്ദ്രത്തില്‍ നിന്നും ഔഷധങ്ങള്‍ ഒഴുകുന്നത് അയര്‍ലണ്ടിലേക്ക് മാത്രമല്ല, മറ്റ് വിദേശ രാജ്യങ്ങളിലേക്കും ഈ അനധികൃത ഉത്പന്നങ്ങള്‍ വന്‍ തോതില്‍ വിറ്റഴിയുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വ്യാജ മരുന്നുകളുടെ വിപണനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: