യുഎസുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടി: രാജ്യത്തെ ആണവപരീക്ഷണശാലകള്‍ സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഉത്തരകൊറിയ

സോള്‍: രാജ്യത്തെ അണ്വായുധ പരീക്ഷണശാലകള്‍ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ നശിപ്പിക്കുമെന്ന് ഉത്തരകൊറിയ. വടക്കു-കിഴക്കന്‍ മേഖലയില്‍ ആണവ പരീക്ഷണങ്ങള്‍ക്കായി നിര്‍മിച്ച തുരങ്കങ്ങള്‍ സ്ഫോടനം നടത്തി തകര്‍ക്കുമെന്നാണ് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എ.റിപ്പോര്‍ട്ട് ചെയ്തത്.

ലോകം കാത്തിരിക്കുന്ന യു.എസ്.-ഉത്തരകൊറിയ ഉച്ചകോടി ജൂണ്‍ 12-ന് നടക്കാനിരിക്കേയാണ് നിര്‍ണായക തീരുമാനം ഉത്തരകൊറിയ പുറത്തുവിട്ടത്. രാജ്യത്തെ ആണവ പരീക്ഷണശാലകള്‍ മേയ് അവസാനം പൂട്ടുമെന്ന് നേരത്തേ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു.

കാലാവസ്ഥ അനുകൂലമാണെങ്കില്‍ മേയ് 23-നും 25-നും ഇടയില്‍ നിലയങ്ങള്‍ തകര്‍ക്കാനാണ് തീരുമാനമെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യു.എസ്, ദക്ഷിണ കൊറിയ, ചൈന, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാവുമിത്. തീരുമാനത്തില്‍ യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിമ്മിന് നന്ദി അറിയിച്ചു. ധന്യമായ നടപടിയാണിതെന്നും ട്രംപ് വിശേഷിപ്പിച്ചു.

https://twitter.com/realDonaldTrump/status/995410516129538048

കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കാനുള്ള ചര്‍ച്ചകളാവും ട്രംപ്-ഉന്‍ ഉച്ചകോടിയുടെ പ്രധാന അജന്‍ഡയെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണകൊറിയയില്‍ വിന്യസിച്ചിട്ടുള്ള 28500 യു.എസ്.സൈനികരെ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് ഇക്കാര്യത്തില്‍ ഉന്‍ ചില വിലപേശലുകള്‍ നടത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉപേക്ഷിച്ചും ചെറുശേഷിയുള്ള ആയുധങ്ങള്‍ നിലനിര്‍ത്തിയുംകൊണ്ടുള്ള കരാറിനാവും ഉന്‍ ശ്രമിക്കുകയെന്നാണ് കരുതുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: