തിരഞ്ഞെടുപ്പുകളില്‍ ഡേറ്റ ദുരുപയോഗം തടയാന്‍ ഫെയ്സ്ബുക്ക് പദ്ധതി പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്ലാറ്റ്ഫോം ദുരുപയോഗംചെയ്യുന്നതിന് തടയാന്‍ ഫെയ്സ്ബുക്ക്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഫെയ്സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനുള്ള പദ്ധതി വ്യാഴാഴ്ചയാണ് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചത്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള അറ്റ്ലാന്റിക് കൗണ്‍സില്‍സ് ഡിജിറ്റല്‍ ഫൊറന്‍സിക് റിസര്‍ച്ച് ലാബുമായിച്ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.

സുരക്ഷയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയാക്കും. വ്യാജ അക്കൗണ്ടുകളും അനാവശ്യപരസ്യങ്ങളും തെറ്റായവിവരങ്ങള്‍ പ്രചരിക്കുന്നതും തടയാന്‍ നിര്‍മിതബുദ്ധിയുള്‍പ്പെടെയുള്ള ആധുനികസാങ്കേതികമാര്‍ഗങ്ങള്‍ തേടുമെന്നും ഫെയ്സ്ബുക്ക് ഗ്ലോബല്‍ പൊളിറ്റിക്സ് ആന്‍ഡ് ഗവണ്‍മെന്റ് ഔട്ട്റീച്ച് ഡയറക്ടര്‍ കാറ്റി ഹര്‍ബത്തിന്റെ കുറിപ്പിലുണ്ട്.

ഫെയ്സ്ബുക്ക് വിവരങ്ങളുടെ സുരക്ഷ റിസര്‍ച്ച് ലാബിലെ വിദഗ്ധര്‍ നിരന്തരം നിരീക്ഷിക്കും. ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നുള്ള വ്യാജപ്രചാരണങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കും. തങ്ങളുടെ സേവനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്ന കണ്ണുകളുടെയും കാതുകളുടെയും എണ്ണം പുതിയപദ്ധതിയിലൂടെ വര്‍ധിക്കുകയാണെന്നും കാറ്റി പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളിലും മറ്റ് പ്രധാന സംഭവവികാസങ്ങളിലും റിസര്‍ച്ച് ലാബിന്റെ പ്രത്യേക നിരീക്ഷണസംഘത്തിന്റെ സേവനം ഉപയോഗപ്പെടുത്തും. ഇത് വിദേശ ഇടപെടലിനെയും തെറ്റായ വിവരങ്ങളെയും പ്രതിരോധിക്കാനും ഒരു പ്രത്യേക ഭൂപ്രദേശത്തിനുമേല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഫെയ്സ്ബുക്കിനെ സഹായിക്കും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: