കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ കാനഡ; ചരിത്രതീരുമാനം ഉടന്‍ നടപ്പില്‍ വരും

കഞ്ചാവിന്റെ ഉല്‍പാദനവും ഉപയോഗവും നിയമപരമാക്കാനൊരുങ്ങി കാനഡ. ഇതുസംബന്ധിച്ചുള്ള ബില്‍ വ്യാഴാഴ്ച കാനഡ സെനറ്റ് പാസാക്കിയിരുന്നു. ബില്‍ സി-45 അഥവാ മരിജുവാന നിയമം 52 വോട്ടുകളോടെയാണു പാസായത്. 30 പേര്‍ എതിര്‍ത്തു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു അന്തിമ തീരുമാനമെടുത്തത്. സെനറ്റില്‍ കൊണ്ടുവന്ന മാറ്റങ്ങളുമായി ബില്‍ ഇനി ഹൗസ് ഓഫ് കോമണ്‍സ് അംഗീകരിക്കണം. ഈ മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആദ്യത്തെ രാജ്യമായി മാറാനുള്ള കടമ്പയാണ് രാജ്യം കടന്നിരിക്കുന്നത്.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കഞ്ചാവിന്റെ നിയമപരമായ ഇടപാട്. കൂട്ടുകാരോടൊപ്പം അഞ്ചോ ആറോ തവണ മരിജുവാന ഉപയോഗിച്ചിട്ടുള്ളതായും ട്രൂഡോ അന്നു പറഞ്ഞിരുന്നു. കാനഡയുടെ ദേശീയ ദിനമായ ജൂലൈ ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണു കരുതുന്നത്. മരുന്ന് ആവശ്യങ്ങള്‍ക്കായി മരിജുവാന വില്‍ക്കുന്നതിന് 2001 മുതല്‍ കാനഡയില്‍ അംഗീകാരമുണ്ട്. 18 വയസ്സിനു മുകളിലുള്ളവര്‍ക്കു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി 30 ഗ്രാം വരെ മരിജുവാന കൈവശം വയ്ക്കാമെന്നാണു ബില്‍ വ്യവസ്ഥ ചെയ്യുന്നത്.

കഞ്ചാവ് വില്‍പ്പന എന്നുമുതല്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ കൃത്യമായ തീയതിയൊന്നും നിശ്ചയിച്ചിട്ടില്ല. സംഗതി നിയമവിധേയമാക്കാന്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ നീക്കുകയാണ് സെനറ്റ് ചെയ്തിരിക്കുന്നത്. കഞ്ചാവ് വില്‍ക്കാനുള്ള പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതോടൊപ്പം കാനഡക്കാര്‍ക്ക് വീട്ടില്‍ നാല് ചെടികള്‍ സ്വന്തം ഉപയോഗത്തിന് വളര്‍ത്താനും അനുമതി നല്‍കും. രാജ്യം കഞ്ചാവ് നിയമവിധേയമാക്കിയാല്‍ നിക്ഷേപം നടത്താന്‍ നിരവധി കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: