പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു: നിപാ നിയന്ത്രണങ്ങള്‍ 12 ന് അവസാനിക്കും

നിപാ ആശങ്ക പൂര്‍ണ്ണമായും ഒഴിഞ്ഞ് കോഴിക്കോട് ജനജീവിതം സാധാരണ നിലയിലേക്ക്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനി രണ്ട് ദിവസത്തിന് ശേഷം അവസാനിപ്പിക്കും. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകളും നേരത്തെ നിശ്ചയിച്ച പോലെ 12ന് തന്നെ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. നിപാ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ആറ് ദിവസത്തിനിടെ ആരും ചികിത്സ തേടിയെത്താത്തതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണഫലം കാണുന്നുവെന്നതിന്റെ തെളിവാണെന്നാണ് ആരോഗ്യവകുപ്പിന്റെയും നിപാ സെല്ലിന്റെയും വിലയിരുത്തല്‍. അതേസമയം സമ്പര്‍ക്കപ്പട്ടികയിലുള്ള 2649 പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണ്. രണ്ടാംഘട്ട ഇന്‍കുബേഷന്‍ പിരീഡ് അവസാനിക്കുന്ന ജൂണ്‍ 21 വരെയാകും ഇവര്‍ നിരീക്ഷണത്തിലുണ്ടാവുക.

മെയ് അഞ്ചാം തീയതി ആദ്യത്തെ മരണത്തിന് കാരണമായ നിപാ വൈറസ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പതിനഞ്ച് ജീവന്‍ അപഹരിക്കുകയായിരുന്നു. അഞ്ചാംതീയതി രോഗം ബാധിച്ചു മരിച്ച ആളില്‍നിന്ന് രോഗം പകര്‍ന്ന അദ്ദേഹത്തിന്റെ ബന്ധുക്കളടക്കമുള്ളവര്‍ മെയ് 17ന് ശേഷമുള്ള ദിനങ്ങളില്‍ മരണപ്പെടുകയായിരുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ചശേഷം എഴു മുതല്‍ 16 ദിവസം വരെയുള്ള കാലയളവിലാണ് എല്ലാവര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായത്. രോഗലക്ഷണങ്ങള്‍ പ്രകടമായി ഒരാഴ്ചയ്ക്ക് താഴെയുള്ള കാലയളവില്‍ മസ്തിഷ്‌ക വീക്കവും ഹൃദയ വീക്കവും ശ്വാസകോശത്തെ ബാധിക്കുന്ന നീര്‍ക്കെട്ടും അടക്കമുള്ള സങ്കീര്‍ണതകള്‍. മെയ് പതിനേഴാം തീയതിയാണ് ആരോഗ്യവകുപ്പിന് അജ്ഞാതമായ വൈറല്‍ രോഗത്തിന്റെ സാധ്യതയെക്കുറിച്ച് ആദ്യമായി അറിവ് ലഭിക്കുന്നത്.

നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട് ആറുമാസത്തിനകം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ (ഐസിഎംആര്‍) ശാസ്ത്രജ്ഞരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. അപൂര്‍വമായുണ്ടാകുന്ന നിപാ വൈറസ് കോഴിക്കോട് എത്താനുണ്ടായ സാഹചര്യം വിശദമാക്കുന്നതാകും റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിനുവേണ്ടി കാത്തിരിക്കുകയാണ്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത മേല്‍നോട്ടത്തില്‍ ഐസിഎംആറിന്റെ ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയിലെ ശാസ്ത്രജ്ഞരാണ് ഉറവിടം കണ്ടെത്താനുള്ള പഠനം തുടങ്ങിയത്. അഞ്ചുപേരടങ്ങിയ സംഘത്തിലെ രണ്ടുപേര്‍ പേരാമ്പ്ര പന്തിരിക്കരയിലും സമീപ പ്രദേശങ്ങളിലും സന്ദര്‍ശനം തുടരുന്നുണ്ട്. ഒരാഴ്ച കൂടി സംഘം ജില്ലയിലുണ്ടാകും. കേന്ദ്രസംസ്ഥാന ആരോഗ്യ വകുപ്പുകള്‍, മൃഗസംരക്ഷണ വകുപ്പ്, എയിംസ് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഐസിഎംആര്‍ ശാസ്ത്രജ്ഞര്‍ക്ക് കൈമാറും. ഇതും ഐസിഎംആര്‍ സ്വന്തം നിലയ്ക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടും വിശകലനം ചെയ്താണ് അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കുക.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: