ഗൗരി ലങ്കേഷിനെ കൊന്നത് ‘മതത്തെ സംരക്ഷിക്കാനെ’ന്ന് പരശുറാം

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ‘മതത്തെ സംരക്ഷിക്കാനാ’യിരുന്നുവെന്ന് പരശുറാം വാഘ്‌മോറെ. പൊലീസിനു നല്‍കിയ കുറ്റസമ്മതമൊഴിയിലാണ് പരശുറാം ഇതു പറഞ്ഞത്. മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശത്തു നിന്നാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേകാന്വേഷണ സംഘം ഇയാളെ പിടികൂടിയത്. 26കാരനായ പരശുറാമും മൂന്ന് കൂട്ടാളികളും ചേര്‍ന്ന് ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നെന്നാണ് കേസ്.

2017 മെയ് മാസത്തിലാണ് താനുള്‍പ്പെടുന്ന ഹിന്ദുത്വ തീവ്രവാദി സംഘത്തിലെ ചിലര്‍ തന്നെ സമീപിച്ച് മതത്തെ സംരക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് ആവശ്യപ്പെട്ടതെവന്ന് വാഘ്‌മോറെ പൊലീസിന് മൊഴി നല്‍കി. ആരെയാണ് കൊല്ലാന്‍ പോകുന്നതെന്ന് തനിക്കറിയില്ലായിരുന്നെന്നും ആ സ്ത്രീയെ കൊല്ലാന്‍ പാടില്ലായിരുന്നെനാണ് തനിക്കിപ്പോള്‍ തോന്നുന്നെന്നും ഇയാള്‍ പൊലീസിനൊടു പറഞ്ഞെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്തംബര്‍ 3നാണ് ഇയാളെ ബെംഗളൂരുവിലേക്ക് കൊണ്ടു വന്നത്. ഇവിടെവെച്ച് എയര്‍ഗണ്‍ ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചു. ”ആദ്യത്തെ രണ്ടുദിവസങ്ങളില്‍ ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെത്തിയെങ്കിലും അവര്‍ അകത്തായിരുന്നതിനാല്‍ കൊല നടത്താനായില്ല. സെപ്തംബര്‍ അഞ്ചിന് 4 മണിയോടെ വീണ്ടും പുറപ്പെട്ടു. മറ്റൊരാള്‍ കൈത്തോക്ക് കൊണ്ടുവന്നിരുന്നു. കൃത്യസമയത്താണ് ഞങ്ങളെത്തിയത്. അവര്‍ വീടിനു മുന്നില്‍ കാര്‍ നിറുത്തി പുറത്തിറങ്ങുകയായിരുന്നു. അടുത്തു ചെന്ന ഞാന്‍ ചെറുതായൊന്ന് ചുമച്ചു. അവര്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു. ഞാന്‍ നാലുതവണ വെടിവെച്ചു.” -പരശുറാം വാഘ്‌മോറെ പറഞ്ഞു.

പരശുറാം വാഘ്‌മോറെ അടക്കം ആറുപേരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. നേരത്തെ തന്നെ അറസ്റ്റിലായ നാലുപേരില്‍ നിന്നും കണ്ടെടുത്ത ഒരു ഡയറിയില്‍ സംഘത്തിന്റെ മറ്റ് ലക്ഷ്യങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഉണ്ടായിരുന്നു. ജ്ഞാനപീഠ ജേതാവായ ഗിരീഷ് കര്‍ണാട്, എഴുത്തുകാരനും യുക്തിവാദിയുമായ കെഎസ് ഭഗവാന്‍ തുടങ്ങിയവരെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നെന്ന് ഡയറിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം പ്രത്യേകാന്വേഷണ സംഘം പറയുന്നു. ഗൗരി ലങ്കേഷ് കൊലക്കേസില്‍ മൂന്നുപേരെക്കൂടി കണ്ടെത്താനുണ്ട് . ഇവര്‍ക്കായുള്ള തിരച്ചില്‍ നടന്നു വരികയാണ്

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: