ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ 12 കുട്ടികളുടെയും ദൃശ്യങ്ങള്‍ പുറത്ത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിയാങ് റായിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഈ ദൃശ്യങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ആശുപത്രി വസ്ത്രവും മാസ്‌കും ധരിച്ച കുട്ടികള്‍ വാര്‍ഡില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. കുട്ടികളെല്ലാം ആരോഗ്യവാന്‍മാരാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കാമറയ്ക്കു നേരെ കുട്ടികള്‍ കൈവീശുന്നതും കാണാം. കുട്ടികള്‍ക്ക് മാനസികാഘാതമുള്ളതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഏഴു ദിവസത്തിനു ശേഷം മാത്രമേ കുട്ടികള്‍ ആശുപത്രി വിടുകയുള്ളൂ എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വീട്ടിലെത്തിയാലും ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്നും ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. 17 ദിവസത്തോളം ഗുഹയില്‍ കഴിഞ്ഞ കുട്ടികള്‍ക്ക് രണ്ടു കിലോയോളം ഭാരം കുറഞ്ഞിട്ടുണ്ട്.

അണുബാധ ഒഴിവാക്കുന്നതിന് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കുട്ടികളുടെ മാതാപിതാക്കള്‍ ആശുപത്രി സന്ദര്‍ശിക്കുന്നത്. അവസാന ദിവസം പുറത്തെത്തിയ കുട്ടികളില്‍ ഒരാള്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നും അതിനുള്ള ചികിത്സ നല്‍കിവരികയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പുകളും നല്‍കിയിട്ടുണ്ട്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: