ഇന്ത്യക്കാരനായ പത്തുവയസ്സുകാരന് ഓസ്ട്രേലിയ വിസ നിഷേധിച്ചത് മുന്നുതവണ; സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്ന് കാരണം

സാമ്പത്തികമായി യാതൊരു നേട്ടവും ഉണ്ടാവില്ല എന്ന വിചിത്രമായ കാരണത്താല്‍ ഇന്ത്യക്കാരനായ പത്തു വയസ്സുകാരന് ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം മൂന്നാം തവണയും ഓസ്ട്രേലിയന്‍ സന്ദര്‍ശക വിസ നിഷേധിച്ചു. സ്‌കൂള്‍ വേനലവധിക്കാലത്ത് മെല്‍ബണിലുള്ള തന്റെ അച്ഛനേയും രണ്ടാനമ്മയേയും കാണാന്‍ വേണ്ടിയാണ് ഹര്‍മന്‍പ്രീത് സിംഗ് എന്ന ഇന്ത്യന്‍ ബാലന്‍ സന്ദര്‍ശക വിസക്ക് അപേക്ഷ നല്‍കിയതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞാന്‍ എന്റെ മകനെ കണ്ടിട്ട് മൂന്നു വര്‍ഷമായി. മകന്റെ വിസക്കായി ഞങ്ങള്‍ മൂന്നുതവണ അപേക്ഷ നല്‍കി. ഒരേ കാരണം പറഞ്ഞാണ് ഓസ്ട്രേലിയന്‍ അധികൃതര്‍) അപേക്ഷ നിരസിച്ചത്’ അച്ഛന്‍ ഹരീന്ദര്‍ സിംഗ് പറഞ്ഞു. ഹരീന്ദര്‍ സിങ്ങിന്റെ ഭാര്യ 2012-ല്‍ അപകടത്തില്‍ മരിച്ചിരുന്നു. പിന്നീട് അദ്ദേഹം പുനര്‍ വിവാഹം ചെയ്ത് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് പോയി. എന്നാല്‍ അതേ വര്‍ഷം തന്നെ പഠനാവശ്യാര്‍ത്ഥം മകന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായിരുന്നു. ഹരീന്ദര്‍ സിംഗിനും അദ്ദേഹത്തിന്റെ ഭാര്യക്കും വിദേശ യാത്രകള്‍ ചെയ്യുന്നതിന് നിയന്ത്രണമുണ്ട്.

തന്റെ മുത്തശ്ശിയുടെ കൂടെയാണ് ഇപ്പോള്‍ താമസിക്കുന്നത്. 2017ലാണ് ആദ്യം സന്ദര്‍ശക വിസയ്ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ താത്കാലികമായി മാത്രമാണ് ഓസ്ട്രേലിയയില്‍ താമസിക്കുക എന്നത് ഓസ്ട്രേലിയന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തിന് ബോധ്യപ്പെട്ടിട്ടില്ല. മേയ് 3-ന് വീണ്ടും സന്ദര്‍ശക വിസക്ക് അപേക്ഷിച്ചുവെങ്കിലും അതും നിരസിക്കപ്പെട്ടു. കുട്ടിയുടെ പിതാവ് ആസ്ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡട്ടണുമായി ബന്ധപ്പെട്ടപ്പോള്‍ അടുത്ത അപേക്ഷയോടൊപ്പം മകനെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന സാധ്യമായ വിവരങ്ങളെല്ലാം നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

‘ഇന്ത്യയിലെ തന്റെ വസ്തുവകകളുടെ രേഖകള്‍, മകന്റെ സ്‌കൂളില്‍ നിന്നുള്ള ഒരു കത്ത്, ഇന്ത്യന്‍ കോടതി പുറപ്പെടുവിച്ച അമ്മയുടെ സംരക്ഷണ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ ഞാന്‍ അപേക്ഷയോടൊപ്പം നല്‍കിയിരുന്നു. എന്നാല്‍ വിസാ ഓഫീസര്‍ക്ക് അതൊന്നും മതിയായില്ല’ ഹരീന്ദര്‍ സിംഗ് പറഞ്ഞു. മെയ് 28ന് ഫാസ്റ്റ് ട്രാക്ക് വിസക്ക് പുതിയ അപേക്ഷ നല്‍കിയെങ്കിലും അതും നിരസിക്കപ്പെടുകയായിരുന്നു. മകനുമായി ദീര്‍ഘകാലമായി പിരിഞ്ഞു നില്‍ക്കുന്നതില്‍ കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും പിതാവ് പറയുന്നു.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: