പ്രവാസികളായ കിടപ്പ് രോഗികള്‍ക്ക് ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി എയര്‍ ഇന്ത്യ

കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. ദേശീയവിമാനക്കമ്പനിയുടെ ഈ നടപടി പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഇക്കണോമിക് ക്ലാസ്സിലെ തന്നെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സായ വൈ ക്ലാസ്സിലേക്ക് സ്ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയാണ് രോഗികളായ യാത്രക്കാരെ പിഴിയുന്ന നടപടി എയര്‍ ഇന്ത്യ തുടങ്ങിവച്ചിരിക്കുന്നത്. നേരത്തെ ഇക്കണോമിക് ക്ലാസ്സിലെ സബ് ക്ലാസ്സായ കെ ക്ലാസ്സിലായിരുന്നു കിടപ്പിലായ രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രെച്ചര്‍ ടിക്കറ്റ് നല്കിയിരുന്നത്. സര്‍ക്കുലര്‍ നമ്പര്‍ 2933ലുള്ള തീരുമാനം ഈ മാസം 20 മുതല്‍ പ്രാബല്യത്തില്‍ വന്നു. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് നിര്‍ണയിക്കുന്ന വകുപ്പിന്റെ എജിഎം സുനില്‍ ദബാറെയാണ് സര്‍ക്കുലറില്‍ ഒപ്പുവച്ചിരിക്കുന്നത്.

അന്താരാഷ്ട്രവിമാനനിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര നിരക്കുകളില്‍ നാലിരട്ടിയും നിരക്ക് വര്‍ധനയുണ്ട്. ടിക്കറ്റ് നിരക്ക് കൂടാതെ അധികമായി നികുതിയും അടയ്ക്കേണ്ടി വരും. ഗള്‍ഫിലെ ചികിത്സാച്ചെലവ് താങ്ങാനാവാതെ നിരവധി പേരെയാണ് സ്ട്രെച്ചറില്‍ നാട്ടിലേക്ക് എത്തിച്ചിരുന്നത്. അതിനായി ഏറെപ്പേരും ആശ്രയിച്ചിരുന്നത് എയര്‍ ഇന്ത്യയെയും. പുതിയ തീരുമാനത്തോടെ ഇത് പ്രവാസികള്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: