2109 ലേക്കുള്ള ബഡ്ജറ്റില്‍ വരേദ്കര്‍ കരുതി വെച്ചിരിക്കുന്നത് എന്തെല്ലാം? ഒക്ടോബര്‍ ബഡ്ജറ്റിലെ സൂചനകള്‍ ഇങ്ങനെ…

ഡബ്ലിന്‍: കാര്‍ബണ്‍ നികുതി വര്‍ധന, സോഷ്യല്‍ വെല്‍ഫെയര്‍ തുക വര്‍ധന, ആദായ നികുതി ഇളവ് തുടങ്ങി 2019 ലേക്കുള്ള ബജറ്റില്‍ പ്രതീക്ഷിക്കാവുന്ന സുപ്രധാന വിവാരങ്ങള്‍ വെളിപ്പെടുത്തി പ്രധാന മന്ത്രി ലിയോ വരേദ്കര്‍. ഒക്ടോബറില്‍ പ്രഖ്യാപിക്കപ്പെടുന്ന ബഡ്ജറ്റിന് മുന്നോടിയായി ചില സൂചനകള്‍ ഓരോ വര്‍ഷവും നല്‍കാറുണ്ട്. ഇത്തവണയും പത്രപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ വരാനിരിക്കുന്ന ബഡ്ജറ്റിലെ ചില സുപ്രധാന വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ബജറ്റിന്റെ പ്രധാന ചര്‍ച്ച ആദായനികുതിയുടെ കട്ട് ഓഫ് പോയിന്റിനെക്കുറിച്ചായിരിക്കും. 40% ആളുകള്‍ക്ക് ഉയര്‍ന്ന നികുതി നിരക്ക് നല്‍കുന്ന രീതിയിലായിരിക്കും ആദായ നികുതി പ്രഖ്യാപനങ്ങളെന്ന് അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം, നികുതിയിളവുകള്‍ ലഭിക്കുന്നതിനുള്ള വരുമാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. 33,800 യൂറോ വരുമാനം ലഭിക്കുന്നവരില്‍ നിന്ന് 750 യൂറോ ഉയര്‍ത്തി 34,550 യൂറോ വരുമാനക്കാര്‍ക്ക് ഉയര്‍ന്ന നികുതി ഇടക്കാനായിരുന്നു കഴിഞ്ഞ ബഡ്ജറ്റില്‍ നിര്‍ദ്ദേശം.

അതായത്, 34,550 യൂറോയില്‍ താഴെ വരുമാനമുള്ള ആര്‍ക്കും ഇപ്പോള്‍ സാധാരണ നിരക്കിലെ നികുതി നല്‍കിയാല്‍ മതിയാകും, ഇതില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് ചെറിയ നികുതിയിളവുകള്‍ മാത്രം ഇത്തവണത്തെ ബഡ്ജറ്റില്‍ പ്രതീക്ഷിക്കാം. 2020 ആകുന്നതോടെ നികുതി വരുമാനം ആകെ 3.9 ശതമാനം മാത്രമേ കൂടുകയുള്ളുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പൊതു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ധിപ്പിക്കുന്ന ശമ്പളത്തിന് മതിയാകാതെ വരും. അത് കൊണ്ട് അധിക വരുമാനമുള്ളവരില്‍ നിന്ന് അധിക നികുതി ഈടാക്കാനാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്.

2019 ബഡ്ജറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ക്ഷേമപദ്ധതികള്‍ വര്‍ധിപ്പിക്കുന്നതിലാകുമെന്ന സൂചനയും വരേദ്കര്‍ നല്‍കിയിട്ടുണ്ട്. ബജറ്റിലെ ക്ഷേമപദ്ധതികളില്‍ പ്രതിവാര നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അയര്‍ലണ്ടില്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന ആയിരക്കണക്കിന് കുട്ടികളെ വിടുവിക്കുവാന്‍ 2019 ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കുമെന്ന് കഴിഞ്ഞ മാസം സാമൂഹ്യ സുരക്ഷ വകുപ്പ് മന്ത്രി റെജീന ഡോഹെത്തി പ്രഖ്യാപിച്ചിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ചു ഓരോ ആഴ്ചയിലുമുള്ള സാമൂഹിക ക്ഷേമപദ്ധതികള്‍ക്കുള്ള € 5 വര്‍ധന ഈ വര്‍ഷം ആവര്‍ത്തിക്കില്ലെന്ന സൂചനയും നല്‍കിയിട്ടുണ്ട്.

പാരന്റല്‍ ലീവാണ് 2019 ബഡ്ജറ്റിലെ മറ്റൊരു ആകര്‍ഷണീയത. രക്ഷിതാക്കള്‍ക്ക് മെറ്റേണിറ്റി, പെറ്റെണീറ്റി അവധികള്‍ നിലനില്‍ക്കുന്നതിന് പുറമെയാണ് പുതിയ അവധി മാതൃക മാതാപിതാക്കള്‍ക്കായി കൊണ്ടുവരുന്നത്. പെയ്ഡ് രീതിയിലുള്ളതായിരിക്കും ഇത്തരം അവധികളെന്ന് വരേദ്കര്‍ സൂചിപ്പിച്ചു. സാമൂഹിക സുരക്ഷാ വകുപ്പ് ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം നടത്തിവരികയാണ്. ബഡ്ജറ്റ് ദിവസം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ശിശുസംരക്ഷണത്തിനുള്ള കൂടുതല്‍ പദ്ധതികളും ബഡ്ജറ്റില്‍ പ്രതീക്ഷിക്കാവുന്നതാണ്.

രാജ്യത്തിന്റെ പുരോഗതിക്കായി കാര്‍ബണ്‍ ടാക്‌സ് വര്‍ധിപ്പിക്കണതാണ് വരുന്ന ബഡ്ജറ്റിലെ മറ്റൊരു സുപ്രധന തീരുമാനം. കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കുന്നത് പെട്രോളിനോ ഡീസലിനോ ലിറ്ററിന് 3 സെന്റ് വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

കാര്‍ബണ്‍ ടാക്‌സ് ഉയരുമ്പോള്‍, അത് ഏററവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ഇവര്‍ക്ക് ബദല്‍ നടപടികള്‍ ബഡ്ജറ്റില്‍ പ്രതീക്ഷിക്കാവുന്നതാണെന് വരേദ്കര്‍ സൂചിപ്പിച്ചു. അതേസമയം ഈ നിര്‍ദ്ദേശത്തിന് ഫിയന ഫെയില്‍ പച്ചക്കൊടി നീട്ടേണ്ടതുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുമായി ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിനുള്ള 2020, 2030, 2050 വര്‍ഷങ്ങളിലേക്കുള്ള ലക്ഷ്യത്തില്‍ അയര്‍ലണ്ട് വളരെ പിന്നിലാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍, കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതിയുടെ അഭിപ്രായ പ്രകാരം അയര്‍ലണ്ട് പരിസ്ഥിതി മലീനികരണം കുറയ്ക്കാനുള്ള നിലപാടുകളില്‍ മോശമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹരിതഗൃഹ വാതക ബഹിര്‍ഗമനം വീണ്ടും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് തടയുന്നതിനുള്ള മാര്‍ഗരേഖകള്‍ 2019 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തും. അയര്‍ലണ്ടില്‍ കാര്‍ബണ്‍ നികുതി കൊണ്ടുവരാന്‍ ആലോചിച്ച് തുടങ്ങിയത് 2010 ല്‍ ആണ്. ഇത് മണ്ണെണ്ണ, ഗ്യാസ് എണ്ണ, ലിക്വിഡ് പെട്രോളിയം വാതകം, ഇന്ധന ഓയില്‍, പ്രകൃതിവാതകം, ഇന്ധനങ്ങള്‍ എന്നിവയ്ക്ക് ബാധകമാണ്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സിറ്റിസണ്‍സ് അസംബ്‌ളിയില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ബണ്‍ ടാക്‌സ് 70 യൂറോ വരെ ഉയര്‍ത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ടണ്ണിന് 20 യൂറോയാണ് നികുതി ഇടാക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും നികുതി വര്‍ദ്ധനയും മോട്ടോര്‍ വാഹന നികുതി വര്‍ധനയും ഇതില്‍ ഉള്‍പ്പെടും.

വില വര്‍ദ്ധനവ് പിടിച്ച് നിര്‍ത്തിക്കൊണ്ടുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിക്കപ്പെടുന്നതെങ്കില്‍ ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക സുസ്ഥിരത രാജ്യം നേടും എന്നതില്‍ തര്‍ക്കമില്ല. അടിസ്ഥാന വേതന നിരക്ക് യഥാസമയത്ത് വര്‍ധിപ്പിക്കുന്നതും സാമ്പത്തിക ഉത്തേജനത്തിന് വഴിവെക്കും. വിഭവ സമാഹാരം കുറഞ്ഞ മേഖലകളെ കണ്ടുപിടിച്ച് നിക്ഷേപം വര്‍ധിപ്പിക്കുമ്പോള്‍ അടിസ്ഥാന വികസനം എന്ന സ്വപനം നിറവേറ്റാന്‍ സര്‍ക്കാരിന് കഴിയും. ആരോഗ്യ മേഖലയില്‍ വികസന സൗകര്യങ്ങള്‍ വളര്‍ത്തിയെടുത്താല്‍ എല്ലാ വിഭാഗങ്ങള്‍ക്കും അത് പ്രയോജനപ്പെടുത്താം. കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യാം.

പൊതുനിക്ഷേപം നടത്തേണ്ട മറ്റൊരു മേഖല വിദ്യാഭ്യാസ മേഖലയാണ്. സ്വദേശ-വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം കടന്നു വരാന്‍ കഴിയുന്ന പഠന-ഗവേഷണ സൗകര്യങ്ങള്‍ ഒരുക്കണം. അയര്‍ലണ്ടില്‍ തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് കേരളീയര്‍ക്കും വന്‍ അവസരങ്ങള്‍ ആണ് ലഭ്യമാകുന്നത്. നേഴ്സിങ്, ടീച്ചിങ്, സാങ്കേതിക മേഖലകളില്‍ ഉയര്‍ന്ന തൊഴിലവസരങ്ങള്‍ ആയിരിക്കും സൃഷ്ടിക്കപ്പെടുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: