ഒരുമയുടെ കരുത്തില്‍ ദുരന്തത്തെ നേരിട്ട് സര്‍ക്കാരും ജനങ്ങളും; കല്ലുകടിയായി ചിലരുടെ പ്രവൃത്തികള്‍

ഈ നൂറ്റാണ്ടില്‍ കേരളം കണ്ട വലിയ പ്രളയക്കെടുതിയില്‍പ്പെട്ട ഭൂരിപക്ഷം പേരെയും രക്ഷിച്ചു. മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് വേഗം വര്‍ധിപ്പിച്ചെന്നു മാത്രമല്ല വെള്ളക്കെട്ടിനും കുറവുണ്ടായി. ഡാമില്‍നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവിനും കുറവുണ്ടായി. ഇതോടെ പലരും വീടുകളിലേക്ക് തിരിച്ചുപോകാനും തുടങ്ങി. 5645 ക്യാമ്പിലായി ഒന്‍പത് ലക്ഷം പേര്‍ ഇപ്പോഴും കഴിയുന്നുണ്ട്. റോഡുഗതാഗതം പുനഃസ്ഥാപിച്ചുവരുന്നു. റെയില്‍ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. റെഡ്അലര്‍ട്ട് പിന്‍വലിച്ചു. വെള്ളം ഇറങ്ങിയതോടെയാണ് കെടുതിയുടെ ആഴം ബോധ്യപ്പെടുന്നത്. റോഡുകള്‍ പലതും തകര്‍ന്നു. വീടുകള്‍ക്ക് പലതിനും ബലക്ഷയമുണ്ട്. എങ്കിലും വലിയൊരു ദുരന്തത്തില്‍ നിന്നാണ് നാം ഒത്തൊരുമയോടെ കരകയറുന്നത്.

തികച്ചും വെല്ലുവിളി ഉയര്‍ത്തുന്ന ഈ സാഹചര്യത്തെ നേരിട്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയത്. കിട്ടാവുന്ന എല്ലാ ഘടകങ്ങളെയും യോജിപ്പിച്ച് ജനങ്ങളുടെ ഉന്നതമായ മനുഷ്യസ്‌നേഹത്തിലും ഊന്നിയാണ് ഇത്തരമൊരു സാഹചര്യത്തെ അതിജീവിക്കാനുള്ള ആത്മവിശ്വാസം സര്‍ക്കാരിന് ലഭിച്ചത്. ദുരന്തങ്ങള്‍ മുന്‍കൂട്ടികണ്ടുള്ള മുന്നറിയിപ്പുകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കി. വയനാട്, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഇടപെട്ടു. നാശനഷ്ടം നമുക്കുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കി. നഷ്ടപ്പെട്ടുപോയ രേഖകള്‍ തിരിച്ചുനല്‍കുന്നതിനുള്ള സംവിധാനംമാത്രമല്ല, സമയബന്ധിതമായ ദുരിതാശ്വാസത്തിന് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ ഉപസമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു. മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കി. രക്ഷാപ്രവര്‍ത്തനത്തിന്റെ ആണിക്കല്ല് ഇവരായിരുന്നു. കേന്ദ്രസേനയുടെ സഹായവും ലഭിച്ചു.

അസാമാന്യമാം വിധം കരുത്താര്‍ജ്ജിച്ച ഒരു പേമാരിയില്‍ ചരിത്രത്തിലല്ലാത്തവിധം കേരള സംസ്ഥാനം ഒന്നാകെ വിറങ്ങലിച്ചപ്പോള്‍ അചഞ്ചലമായി നിലകൊണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ രാജ്യത്തിന് മാതൃകയാണ്. ആ സംവിധാനത്തിന്റെ അമരക്കാരന്‍ എന്ന നിലയിലാണ് പിണറായി വിജയന്‍ തന്റെ ഭാഗം ഗംഭീരമാക്കിയത്. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പിണറായി വിജയന്‍ വിലയിരുത്തി. കര – വ്യോമ – നാവിക സേനകളുടേയും എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് ഉറപ്പു വരുത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയ മുഖ്യമന്ത്രി തലസ്ഥാനത്ത് തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അറിയിച്ചു. മഴയുടെ ഗതി, പരിധികള്‍ ലംഘിച്ചപ്പോള്‍ ഒട്ടും അമാന്തിക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംഭാവനകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചു. ഒരു ലക്ഷം രൂപ വ്യക്തിപരമായി സംഭാവന ചെയ്തു കൊണ്ട് പിണറായി വിജയന്‍ അനൗദ്യോഗിക ഉത്ഘാടനവും നിര്‍വഹിച്ചു.

മുഖ്യമന്ത്രി പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കുമോ എന്ന പതിവ് ചോദ്യം ആദ്യ മണിക്കൂറുകളില്‍ തന്നെ ഉയര്‍ന്നു; എന്നാല്‍ മുഖ്യമന്ത്രിയുടെ പണി അതല്ലെന്നും നല്ല രീതിയില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യമായ പരിസരവും അതിനനുകൂലമായ നയപരിപാടികളും രൂപപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം കാണിച്ച് തന്നു. ഒരു അപ്രതീക്ഷിത ദുരന്തത്തെ പരിമിതികള്‍ക്കകത്തു നിന്ന് കൊണ്ട് പ്രതിരോധിക്കാവുന്നതിന്റെ ഏറ്റവും മികച്ച രീതിയില്‍ തന്നെ ഒരു സംസ്ഥാനം പ്രതിരോധിച്ചു എന്ന് പറയാം. 2000 കോടി രൂപ അടിയന്തിരമായി ആവശ്യപ്പെടിട്ടും പ്രധാനമന്ത്രി 500 കോടി രൂപ മാത്രമേ അനുവദിച്ചുള്ളല്ലോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചിട്ടും ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല എന്ന മറുപടിയിലൂടെ രാഷ്ട്രീയ പക്വത എന്താണെന്നും മുഖ്യമന്ത്രി കാട്ടിത്തന്നു.

കേരളത്തെ ബാധിച്ച വലിയ പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞത് സംസ്ഥാനത്തെ ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് സമ്മതിച്ചേ മതിയാകൂ. ആര്‍മി അടക്കമുള്ള സൈനിക വിഭാഗങ്ങള്‍ മികച്ച രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിയത്. എന്നാല്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമാണ് ഇത്. ജനങ്ങള്‍ക്ക് എല്ലാ പിന്തുണയുമായി ഒപ്പം നിന്ന സര്‍ക്കാരിനെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്. അവര്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചു.

സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം കഴിഞ്ഞാല്‍ രണ്ടാമത് എടുത്ത് പറയേണ്ടത് സംസ്ഥാനത്തെ യുവാക്കളെയാണ്. വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവര്‍ സംഘടിപ്പിച്ചു. ഐടി കമ്പനിക്കടക്കം അവരുടെ ജീവനക്കാര്‍ക്ക് അവധി നല്‍കി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോകാന്‍ അവസരമൊരുക്കി, ദുരിതാശ്വാസ പ്രവര്‍ത്തനത്തേയും രക്ഷാപ്രവര്‍ത്തനത്തേയും സഹായിക്കാനുള്ള സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകള്‍ അവരുടെ കയ്യിലുണ്ടായിരുന്നു. ഭക്ഷണവും മരുന്നുമടക്കമുള്ള അവശ്യവസ്തുക്കളെത്തിക്കാന്‍ എല്ലാ സഹായവും ഇവര്‍ ചെയ്യുന്നു.

തങ്ങളുടെ മത്സ്യബന്ധന ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ ഒരിക്കലും മറക്കാന്‍ കഴിയില്ല. പലരും തങ്ങളുടേതായ ചെറിയ സംരംഭങ്ങളും കൂട്ടായ്മകളുമുണ്ടായിരുന്നു. സമാനതകളില്ലാത്ത അപ്രതീക്ഷിത ദുരന്തം നേരിട്ട കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച മല്‍സ്യ തൊഴിലാളികളെ കേരളം നന്ദിയോടെ സ്മരിക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ കുറിച്ച് കാവ്യാത്മകമായ ഒരു വിശേഷണം നടത്തിയിരുന്നു ”കേരളത്തിന്റെ സൈന്യം മത്സ്യത്തൊഴിലാളികളാണ്”. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വലിയ സഹായമാണ് മത്സ്യബന്ധന ബോട്ടുകളും മത്സ്യതൊഴിലാളികളും നല്‍കിയിട്ടുള്ളത്. ബോട്ടുടമകളും പൊതുവെ നല്ലനിലയില്‍ സഹകരിച്ചിട്ടുണ്ട്. ഇത് പകരമായി ബോട്ടിന് ഇന്ധനത്തോടൊപ്പം തന്നെ ദിവസം 3000 രൂപ വച്ച് നല്‍കണമെന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ തകര്‍ന്നുപോയ ബോട്ടുകളുമുണ്ട്. അവയുടെ കേടുപാടുകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ തീര്‍ത്തുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി എങ്ങനെയാണോ ബോട്ടുകളെ എത്തിച്ചത് അതേ തരത്തില്‍ തന്നെ അത് മടക്കിയെത്തിക്കണമെന്ന് നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വേണ്ടി എല്ലായിടത്തും കാത്തുനിന്നില്ല എന്നതാണ് വസ്തുത. പ്രാദേശികമായി നാട്ടുകാര്‍ സജീവമായി ഇടപെട്ടു. ജാതി, മതി, രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായുള്ള വലിയ കൂട്ടായ്മയും ഐക്യവുമാണ് കാണാന്‍ കഴിഞ്ഞത്.  പ്രളയ ദുരിതത്തിലായ സഹജീവികള്‍ക്കായി കേരള ജനത ഒന്നടങ്കം കൈകോര്‍ക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തങ്ങളാലാകുന്ന സഹായമെത്തിക്കാന്‍ ജനങ്ങള്‍ ഒന്നിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ഒരു ദുരന്തത്തെ നേരിടേണ്ടതെങ്ങനെയാണെന്ന് കേരളം ഇവിടെ മാതൃക കാണിക്കുകയാണ്. ഭരണ പക്ഷവും പ്രതിപക്ഷവും രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി നില്‍ക്കുന്നു. ഒരു നാട്ടില്‍ ഒരു ഭരണകൂടം ഉണ്ടെന്നത് ഇത്രമാത്രം അനുഭവപ്പെട്ട ദിവസങ്ങള്‍ മുമ്പുണ്ടായിട്ടില്ല. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നു, പ്രതിപക്ഷ നേതാവ് ഒപ്പം നില്‍ക്കുന്നു, മന്ത്രിമാര്‍, കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍ തുടങ്ങിയ ഭരണകൂടത്തിന്റെ യന്ത്രങ്ങള്‍ എണ്ണയിട്ടതു പോലെ പ്രവര്‍ത്തിക്കുന്നു.

ഈ ഒത്തൊരുമയ്ക്കിടയിലും കല്ലുകടിയായി പ്രവര്‍ത്തിക്കുന്ന ചിലരെയും നാം കണ്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ ലക്ഷ്യം കാണുന്നവര്‍, സംസ്ഥാനം ഒരേ മനസോടെ ദുരന്തത്തിനെതിരെ ശക്തി സംഭരിച്ചു നീന്തിക്കൊണ്ടിരിക്കുമ്പോഴും രക്ഷാപ്രവര്‍ത്തനങ്ങളിലെ പോരായ്മകളില്‍ അതൃപ്തി പ്രകടിപ്പിച്ച് സര്‍ക്കാരിന്റെ യത്നങ്ങളെ കുറ്റപ്പെടുത്താന്‍ നേതാക്കളില്‍ ചിലര്‍ മുന്നോട്ടു വരുന്നുണ്ടെന്നുള്ളത് തീര്‍ത്തും ദുഃഖകരമാണ്. പോരായ്മകളും വീഴ്ചകളും ഉണ്ടെങ്കില്‍കൂടിയും അതൊക്കെ വിസ്തരിച്ച് രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആത്മവീര്യം തകര്‍ക്കുകയല്ല വേണ്ടത്. രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരവുമല്ല ഇത്. പതിറ്റാണ്ടുകളായി പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ ആപല്‍ഘട്ടത്തില്‍ ഇതൊക്കെ മറക്കാന്‍ പാടില്ലാത്തതാണ്. ഏവരും ഒന്നിച്ചുനിന്ന് ഈ ദുരിതകാലം എങ്ങനെ തരണം ചെയ്യാമെന്നാണ് ആലോചിക്കേണ്ടത്. കുറ്റവും കുറവും പറയാനും രോഷം കൊള്ളാനും അവസരം ഇനിയും വരും. അതുവരെ ഇപ്പോള്‍ നടന്നുവരുന്ന ദുരിതാശ്വാസ യത്നങ്ങള്‍ വിജയിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കര കയറ്റാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്നാരോപിച്ച് സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചയാള്‍ക്കെതിരെ സൈന്യം തന്നെ രംഗത്തുവന്നിരുന്നു. പ്രചരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നേരിട്ട് ഉത്തരവിടുകയും ചെയ്തു.

ദുരന്തത്തിലകപ്പെട്ടവരെ കണ്ടെത്തുന്നതിന്നും യാഥാസമയം വിവരങ്ങള്‍ കൈമാറുന്നതിനും ഉറക്കം പോലും ഉപേക്ഷിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തിച്ചത്. ഒരോ ഫേസ് ബുക്ക് ടൈം ലൈനും ഒരോ ഇന്‍ഫര്‍മേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുകയാണുണ്ടായത്. ഇതിനിടെയാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ചിലര്‍ രംഗത്ത് സജീവമായത്. ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ഇവര്‍ പ്രചരിപ്പിച്ചത്. ‘മുല്ലപ്പെറിയാര്‍ ഡാമില്‍ വിള്ളല്‍ വീണിരിക്കുന്നു. ഡാമുകള്‍ തുറന്നുവിട്ടിരിക്കുന്നു. സംസ്ഥാനത്ത് ക്ഷാമം വരാന്‍ പോവുന്നു. പെട്രോള്‍ ക്ഷാമം, തുടങ്ങിയവയായിരുന്നു ഇതില്‍ ചിലത്.

പ്രളയത്തിന് ശേഷം സാധാരണ നിലയിലേക്ക് തിരിച്ചു വരാനുള്ള തീവ്ര ശ്രമത്തിലാണ് കൊച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍. ദിവസങ്ങളായി വീടിനകത്ത് കുടുങ്ങിക്കിടക്കുകയും, അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ തീരുകയും ചെയ്ത നഗരവാസികള്‍ തങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ ശേഖരിക്കാന്‍ നഗരത്തിലേക്കിറങ്ങിയത്. അവശ്യ സാധനങ്ങള്‍ ശേഖരിക്കാന്‍ കടകളിലെത്തിയ പലരും സാധനങ്ങളുടെ വിലകേട്ട് തരിച്ചു നിന്നു. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വ്യാപാരികള്‍ അമിത വില ഈടാക്കുകയായിരുന്നു. ഇതോടെ ഉപഭോക്താക്കളും വ്യാപാരികളും തമ്മില്‍ തര്‍ക്കവും ഉണ്ടായി. അവശ്യസാധങ്ങള്‍ വിലകൂട്ടി വില്‍പ്പന നടത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലാഭം പോലും ഒഴിവാക്കി സാധനങ്ങള്‍ നല്‍കിയ ഒരുപാട് കച്ചവടക്കാര്‍ക്ക് അപവാദമുണ്ടാക്കുന്നതായിരുന്നു ഒരു ചെറിയ വിഭാഗത്തിന്റെ ഈ നീക്കം.

ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയും അതിജീവിക്കുന്നതിനുള്ള ബലം നല്‍കുകയും ചെയ്യുക എന്നത് രക്ഷാപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാല്‍, അത് മറന്നുകൊണ്ട് ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനുള്ള പ്രചാരണങ്ങളും ഇടപെടലുകളും പ്രഖ്യാപനങ്ങളും ഇത്തരം പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനേ സഹായിക്കുകയുള്ളൂ. നാമൊരു ദുരന്തത്തിന്റെ നടുവിലാണ്. അത് ഉയര്‍ത്തിയ പ്രശ്‌നങ്ങളെ ഒന്നായിനിന്ന് ഒരു മനസ്സോടെ നേരിടുന്ന ഘട്ടത്തില്‍ ഇത്തരം അപസ്വരങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നല്ല നിലയിലുള്ള സഹായമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കേരളത്തിലെ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഈ ഒരുമയാണ് ഈ മഹാദുരന്തത്തെ ഉള്ളംകൈയിലെന്നപോലെ ഒതുക്കിയെടുക്കാന്‍ നമ്മുടെ സംസ്ഥാനത്തിന് സഹായകമായത്. ആ ഒരുമ എന്നും കാത്തുസൂക്ഷിക്കാനായാല്‍ ഏത് പ്രതിസന്ധിയെയും നമുക്ക് നേരിടാമെന്നും നാടിനെ വികസനത്തിന്റെ കുതിപ്പുകളിലേക്ക് നയിക്കാനാകുമെന്ന പാഠവുംകൂടിയാണ് ഇത് നമുക്ക് നല്‍കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: