ഫ്രാന്‍സിസ് പാപ്പ അയര്‍ലന്റിലെത്താന്‍ ഒരു ദിനം കൂടി; പാപ്പയെ കാത്ത് ജനലക്ഷങ്ങള്‍

ഡബ്ലിന്‍: ലോക കുടുംബ സംഗമത്തോടനുബന്ധിച്ച് അയര്‍ലണ്ടിലെ പ്രധാന നഗരങ്ങളെല്ലാം വിശ്വാസ സമൂഹങ്ങളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. നഗരത്തിലെ വിവിധ കത്തോലിക്കാ കേന്ദ്രങ്ങളിലും വലിയ പൊതുവേദികളിലുമായി കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ അരങ്ങേറുന്ന ചര്‍ച്ചകളും പഠനങ്ങളും പ്രദര്‍ശനങ്ങളുമെല്ലാം കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ്. ഡബ്ലിനിലെ ദേശീയ മെത്രാന്‍ സമിതി ആസൂത്രണം ചെയ്തിരിക്കുന്ന ഈ ദിവസങ്ങളിലെ പരിപാടികള്‍ സംഘാടക വൈഭവംകൊണ്ടും ഉള്ളടക്കത്തിന്റെ മേന്മകൊണ്ടും ശ്രദ്ധേയവും സന്തോഷകരവുമാണെന്ന് അഭിനന്ദനമര്‍ഹിക്കുന്നു. ഇന്ത്യയില്‍നിന്നും, ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള നിരവധിയായ കുടുംബങ്ങളുടെ സാന്നിദ്ധ്യം ആശ്ചര്യപ്പെടുത്തുന്നതാണ്. അതേസമയം എല്ലാവരുടെയും മനസ്സില്‍ ഏറ്റുപറയുന്ന പേര് പാപ്പാ ഫ്രാന്‍സിസ് എന്നാണ്. പാപ്പായുടെ വരവിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിന് ഇനി ഒരു നാള്‍ കൂടി മാത്രം.

പ്രാദേശിക സമയം രാവിലെ 9.30-ന് ഡ്ബ്ലിനിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പാ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും. രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. അവരെ അഭിസംബോധനചെയ്യും. വൈകുന്നേരം 4.15 മുതല്‍ ഡബ്ലിന്‍ സിറ്റി സെന്ററിലൂടെ പോപ്പ് മൊബീലില്‍ ജനങ്ങളെ സന്ദര്‍ക്കാന്‍ നഗരം ചുറ്റും. വൈകുന്നേരം 7.30-ന് ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ കുടുംബങ്ങളുടെ സാംസ്‌ക്കാരിക പരിപാടികളില്‍ പങ്കെടുത്ത് സന്ദേശം നല്കും.

റോയല്‍ ഡബ്ലിന്‍ സൊസൈറ്റിയാണ് 22മുതല്‍ 24വരെയുള്ള പാസ്റ്ററല്‍ കോണ്‍ഗ്രസിന്റെ പ്രധാന വേദി. ക്ലാസുകള്‍, ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, വിനോദപരിപാടികള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. കൂടാതെസ യുവജനങ്ങള്‍ക്കായി പ്രത്യേക സെഷനുകളുമുണ്ട്. കുടുംബ സംഗമത്തിലെ വര്‍ണാഭവും ആകര്‍ഷകവുമായ ‘ഫെസ്റ്റിവെല്‍ ഓഫ് ഫാമിലീസ്’ 25നാണ് നടക്കുക. പ്രശസ്തമായ കോര്‍ക്ക് പാര്‍ക്ക് സ്റ്റേഡിയം വേദിയാകുന്ന ഈ ദിനത്തിന്റെ മുഖ്യസവിശേഷത ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യമാകും. വൈകിട്ട് 6.30ന് ആരംഭിക്കുന്ന പരിപാടികളില്‍ 70,000 പേരെയാണ് പ്രതീക്ഷിക്കുന്നത്.

പാപ്പയുടെ സന്ദേശത്താന്‍ അവിസ്മരണീയമാകുന്ന ഈ ദിനം, ജീവിതത്തിലെ പ്രതിസന്ധികളിലും ഇടര്‍ച്ചകളിലും വിശ്വാസം നഷ്ടപ്പെടാതെ മുന്നേറിയ അഞ്ച് കുടുംബങ്ങളുടെ ഹൃദയസ്പര്‍ശിയായ ജീവിത സാക്ഷ്യങ്ങള്‍കൊണ്ടും ശ്രദ്ധേയമാക്കും.അയര്‍ലന്‍ഡ്, കാനഡ, ഇന്ത്യ, ഇറാഖ്, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള കുടുംബങ്ങളാണ് അനുഭവം പങ്കുവെക്കുക. ക്ഷമയും സ്നേഹവും പ്രത്യാശയും ശക്തിപകര്‍ന്ന ആ ജീവിതസാക്ഷ്യങ്ങള്‍ ആധുനിക കാല വെല്ലുവിളികളില്‍ അടിപതറുന്ന അനേകം കുടുംബങ്ങള്‍ക്ക് നുറുങ്ങുവെട്ടമാകും. അന്തര്‍ദേശീയതലങ്ങളില്‍ പ്രശസ്തരായ ആയിരക്കണക്കിന് കലാകാരന്മാര്‍ അണിനിരക്കുന്ന കലാവിരുന്നും ഫെസ്റ്റിവെല്‍ ഓഫ് ഫാമിലീസിനെ അതിവിശേഷമാകും.

സമ്മേളനത്തിന്റെ ആറാം ദിവസമായ ഞായറാഴ്ച, പ്രാദേശിക സമയം രാവിലെ 9.45 ന് നോക്കിലെ വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കും ത്രികാലപ്രാര്‍ത്ഥനചൊല്ലി ഹ്രസ്വസന്ദേശം നല്കും. ഉച്ചതിരിഞ്ഞ് 2.30-ന് ഡ്ബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കിലെത്തും. 3.00ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് കുടുംബ സംഗമത്തിന് തിരശീല വീഴുന്നത്. കുടുംബങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും. സുവിശേഷസന്ദേശം പങ്കുവയ്ക്കും. ഫോണിക്സ് പാര്‍ക്കില്‍ ചരിത്ര സംഭവമാകാന്‍ പോകുന്ന സമാപന തിരുക്കര്‍മങ്ങളില്‍ അഞ്ച് ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. തിരക്കുമൂലം പാസ് ലഭ്യമാക്കിയിട്ടുള്ളത് അഞ്ച് ലക്ഷം പേര്‍ക്കുമാത്രമാണെന്ന് പറയുന്നതാവും ശരി.

ഞായറാഴ്ച വൈകുന്നേരം 5.30-ന് അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുമായുള്ള കൂടിക്കാഴ്ചയാണ് ഡ്ബ്ലിനില്‍ പാപ്പാ ഫ്രാന്‍സിസിന്റെ അവസാനത്തെ പരിപാടി. തുടര്‍ന്ന് 6.30-ന് വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പില്‍ പങ്കെടുത്ത്, വത്തിക്കാനിലേയ്ക്കു മടങ്ങും.

മൂന്നാം സഹസ്രാബ്ദത്തിലേക്ക് സഭയെ നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സമ്മാനമാണ് ലോക കുടുംബ സംഗമം. 1994ല്‍ റോമില്‍ തുടക്കംകുറിച്ച ലോക കുടുംബസംഗമത്തിന്റെ ഒന്‍പതാമത് കൂട്ടായ്മയ്ക്കാണ് അയര്‍ലന്‍ഡ് വേദിയാവുന്നത്. ലോക കുടുംബസംഗമത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം അയര്‍ലന്‍ഡിന് ലഭിക്കുന്നത് ഇതാദ്യവും. കുടുംബബന്ധങ്ങള്‍ സുദൃഡമാക്കുക, മൂല്യാധിഷ്ഠിത കുടുംബജീവിതത്തിന് വഴിയൊരുക്കുക, ഗാര്‍ഹികസഭ എന്നനിലയില്‍ കുടുംബപ്രേഷിതദൗത്യം സജീവമാക്കുക, നല്ലവ്യക്തികളെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബത്തിനുളള സ്ഥാനം ഉയര്‍ത്തിക്കാട്ടുക എന്നിവയാണ് മൂന്നു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുന്ന ഈ സംഗമത്തിന്റെ ലക്ഷ്യം.

http://rosemalayalam.com/%E0%B4%AA%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%80%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/

Share this news

Leave a Reply

%d bloggers like this: