പ്രവാസികളില്‍ നിന്നും സഹായം സ്വീകരിക്കാന്‍ മന്ത്രിമാര്‍ വിദേശത്തേക്ക് ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആയിരം കോടി കവിഞ്ഞു

പ്രളയത്തെതുടര്‍ന്ന് തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനും ദുരിതാശ്വാസത്തിനും പണം സമാഹരിക്കുന്നതിന് മന്ത്രിമാരുടെയും മുതിര്‍ന്ന ഗവ. സെക്രട്ടറിമാരുടെയും നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക്. ഏതൊക്കെ മന്ത്രിമാര്‍ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നകാര്യം അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും.

വിദേശമലയാളികളില്‍നിന്നും വ്യവസായികളില്‍നിന്നും ഏജന്‍സികളില്‍നിന്നുമൊക്കെ ഫണ്ട് പിരിക്കാനാണ് ലക്ഷ്യം. കൂടാതെ, അടുത്തമാസം മൂന്ന്, അഞ്ച് തീയതികളില്‍ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലകള്‍ കേന്ദ്രീകരിച്ച് പണം സമാഹരിക്കും. ജില്ലാതല വകുപ്പുതലവന്മാരുടെ നേതൃത്വത്തില്‍ അതതു ജില്ലയിലെ പ്രമുഖരുടെ പട്ടിക തയ്യാറാക്കി അവരുടെ പക്കല്‍നിന്നും പണം സ്വരൂപിക്കാനാണ് തീരുമാനം.

പുനനിര്‍മാണത്തിന്റെ സാധ്യതാപഠനത്തിന്, നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ കെപിഎംജി കണ്‍സല്‍ട്ടിങ് ഏജന്‍സിയെ നിയോഗിക്കും. ഇവരുടെ സേവനം സൗജന്യമായിരിക്കും. ഓരോ മേഖലയ്ക്കും ഉചിതമായ പദ്ധതികള്‍ ഇവര്‍ നിര്‍ദേശിക്കും.

അതിനിടെ പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ആയിരം കോടി കവിഞ്ഞു. വ്യാഴാഴ്ച രാത്രി പത്തു മണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപയാണ്. ട്രഷറികള്‍ വഴി അടച്ച സംഭാവനയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചതും ഒഴികെയുള്ള തുകയാണിത്.

4.16 ലക്ഷം പേര്‍ ഇതുവരെ ഓണ്‍ലൈന്‍ വഴി പണം അടച്ചിട്ടുണ്ട്. ഇലക്ട്രോണിക് പേയ്മെന്റിലൂടെ 145.17 കോടി, യുപിഐ, ക്യു ആര്‍, വിപിഎ വഴി 46.04 കോടി, പണം, ചെക്ക്, ആര്‍ടി ജിഎസ് വഴി 835.86 കോടിയുമാണ് ഇതുവരെ ലഭിച്ചത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: