കേന്ദ്ര സര്‍ക്കാരിനെ വിറപ്പിച്ച് യുപിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് കര്‍ഷക മാര്‍ച്ച്; ലാത്തിചാര്‍ജ്ജും വെടിവയ്പും

ഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വൈദ്യുതി നിരക്ക് കുറയ്ക്കുക, ഇന്ധന വില കുറയ്ക്കുക, എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡില്‍ നിന്ന് യുപി വഴി ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ വന്‍ പ്രതിഷേധ മാര്‍ച്ച്. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഗാസിയാബാദില്‍ വച്ച് പൊലീസ് സമരക്കാരെ തടയുകയും സമാധാനപരമായി നീങ്ങുകയായിരുന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴായിരത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്. അലിഗഡില്‍ നിന്നുള്ള ഒരു കര്‍ഷകന് വെടിയേറ്റതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഡല്‍ഹി പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നടന്നും ട്രാക്ടറുകളിലും ബസുകളിലുമായാണ് ‘കിസാന്‍ ക്രാന്തി പദയാത്ര’യുടെ ഭാഗമായി കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് പോകുന്നത്. ഇത് ‘ചോര്‍ സര്‍ക്കാര്‍’ (കള്ളന്മാരുടെ സര്‍ക്കാര്‍) ആണെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. ഞങ്ങളെ എന്തിനാണ് ഇവര്‍ ഇവിടെ തടയുന്നത് റാലി വളരെ സമാധാനപരമായാണ് നടന്നിരുന്നത്. ഞങ്ങളുടെ പ്രശ്നങ്ങള്‍ ഞങ്ങുടെ സര്‍ക്കാരിനോടല്ലെങ്കില്‍ വേറെ ആരോട് പറയും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് തികായിത് പറഞ്ഞു. നിരവധി കര്‍ഷകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ബികെയു ഹരിയാന സംസ്ഥാന അധ്യക്ഷന് ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈസ്റ്റ് ഡല്‍ഹിയിലും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലും പൊലീസ് 144 (നിരോധനാജ്ഞ) പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചിലധികം പേര്‍ കൂടി നില്‍ക്കുന്നതിനും പൊതുയോഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 23ന് ഉത്തരാഖണ്ഡിലെ പതഞ്ജലിയില്‍ നിന്ന് തുടങ്ങി ഒക്ടോബര്‍ രണ്ടിന് ഡല്‍ഹിയിലെ കിസാന്‍ഘട്ടില്‍ സമാപനം എന്നായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്റെ പരിപാടി.

അതേസമയം കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്തി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്താണ് അവരെ ഡല്‍ഹിയില്‍ കടത്താതിരിക്കുന്നത് എന്ന് കെജ്രിവാള്‍ ചോദിച്ചു. ഇത് ശരിയല്ല. ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണ് – കെജ്രിവാള്‍ പറഞ്ഞു. കര്‍ഷക മാര്‍ച്ചിനെ പിന്തുണച്ച് യുപി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് രംഗത്തെത്തി. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാര്‍ പാലിച്ചില്ലെന്നും കര്‍ഷക പ്രക്ഷോഭം സ്വാഭാവികമാണ് എന്നും അഖിലേഷ് യാദവ് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി അഖിലേഷ് വ്യക്തമാക്കി.

കര്‍ഷകരെ രക്ഷിക്കാനുള്ള ഒരേയൊരു വഴി മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കര്‍ഷകരെ കട ബാധ്യതയിലെക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന സര്‍ക്കാരാണിത്. മോദി സര്‍ക്കാര്‍ ദേശവിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.

ഗാന്ധി ജയന്തി ദിവസം കര്‍ഷകരോട് ‘അഹിംസ’ കാട്ടുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. കര്‍ഷകര്‍ ദുരിതത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ ഉറങ്ങുകയാണ്. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാര്‍ ഗാന്ധിജിയുടെ 150ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ കര്‍ഷകരെ ലാത്തിചാര്‍ജ്ജ് ചെയ്യുകയും അവര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയുമാണ്. കര്‍ഷകരെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല തങ്ങളുമെന്ന് വ്യക്തമാക്കുകയാണ് മോദി സര്‍ക്കാര്‍. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇവരെ ഒരു പാഠം പഠിപ്പിക്കും – കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല പറഞ്ഞു.

എ എം

Share this news

Leave a Reply

%d bloggers like this: