പേരുമാറ്റത്തിനുള്ള ഹിത പരിശോധനയെ ബഹിഷ്‌കരിച്ച് പരാജയപ്പെടുത്തി മാഴ്സിഡോണിയന്‍ ജനത

മാസിഡോണിയയുടെ പേര് വടക്കന്‍ മാസിഡോണിയ എന്ന് മാറ്റുന്നത് സംബന്ധിച്ച് നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടു. പേരുമാറ്റത്തിന് അനുകൂലമായി നിലപാടെടുക്കണമെന്ന പ്രധാനമന്ത്രി സോറന്‍ സേവിന്റെ വാക്കുകള്‍ ജനങ്ങള്‍ പരിഗണിച്ചില്ല.

ചുരുങ്ങിയത് 50% വോട്ടര്‍മാരുടെ പങ്കാളിത്തമാണ് ഹിതപരിശോധന അംഗീകരിക്കപ്പെടാന്‍ ആവശ്യമായിട്ടുള്ളത്. എന്നാല്‍ വെറും 36.9% വോട്ടര്‍മാര്‍ മാത്രമാണ് ഹിതപരിശോധനയോട് പ്രതികരിച്ചത്. ഇവരില്‍ 91.5% പേരും നാടിന്റെ പേര് വടക്കന്‍ മാസിഡോണിയ എന്ന് മാറ്റുന്നതിന് അനുകൂലമായി വോട്ട് ചെയ്തുവെങ്കിലും ഈ വോട്ടിങ് പരിഗണിക്കാന്‍ കഴിയില്ല.

വോട്ടിങ് കഴിഞ്ഞതിനു ശേഷം മാസിഡോണിയന്‍ നഗരങ്ങളില്‍ ജനങ്ങള്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുകയുണ്ടായി. ‘ഗ്രീസിന്റെ കൂട്ടക്കൊല’ അവസാനിപ്പിക്കുക എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ആഹ്ലാദപ്രകടനം. ഹിതപരിശോധനയില്‍ പങ്കെടുത്ത് NO എന്ന് പറയുന്നതിനു പകരം ഹിതപരിശോധന ബഹിഷ്‌കരിക്കുക എന്ന നിലപാടാണ് മാസിഡോണിയക്കാര്‍ എടുത്തത്. ഗ്രീസിന്റെ തീവ്രമനോഭാവത്തോടുള്ള ജനരോഷം ശക്തമായി പ്രകടിപ്പിക്കപ്പെടുന്ന ഒരു സന്ദര്‍ഭമായി മാറി ഇത്. മാസിഡോണിയയുടെ പേര് മാറ്റുക എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും ജനത തയ്യാറല്ലെന്ന സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

രാജ്യത്തിനു പുറത്തു നിന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട ഒന്നാണ് ഹിതപരിശോധനയെന്ന് റഷ്യ പ്രതികരിച്ചു. വോട്ടര്‍മാരുടെ പങ്കാളിത്തം നന്നെ കുറഞ്ഞത് ഇക്കാരണത്താലാണെന്ന് റഷ്യ പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ നാറ്റോ രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂണിയനും അനാവശ്യമായി ഇടപെടുകയായിരുന്നെന്നു റഷ്യ പറഞ്ഞു.

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കു പിന്നാലെ ജൂണ്‍ മാസത്തില്‍ പേരുമാറ്റം സംബന്ധിച്ചുള്ള കരാറില്‍ ഗ്രീക്കിന്റെയും മാസിഡോണിയയുടെയും വിദേശകാര്യ മന്ത്രിമാരായ നികോസ് കോട്യാസും നികോള ദിമിത്രോവും ഒപ്പുവെച്ചിരുന്നു. കരാറനുസരിച്ച് ഗ്രീസിന്റെ അയല്‍രാജ്യമായ മാസിഡോണിയ വടക്കന്‍ മാസിഡോണിയ എന്നാണ് അറിയപ്പെടേണ്ടത്. ഈ കരാറിന് സാധൂകരണം തേടുകയായിരുന്നു ഹിതപരിശോധനയിലൂടെ.

ലോകത്തിലെ ഏറ്റവും ശക്തമായ അന്താരാഷ്ട്ര സഖ്യങ്ങളില്‍ അംഗമാകുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ പേരുമാറ്റത്തിനുള്ള ജനഹിത പരിശോധന നടത്താന്‍ തയ്യാറെടുക്കുകയായിരുന്നു മാസിഡോണിയക്കാര്‍. യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്ന മാസിഡോണിയ സ്വതന്ത്രമായത് 1991ലാണ്. എന്നാല്‍ അന്നുമുതല്‍ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ തുടങ്ങിയ സഖ്യങ്ങളില്‍ അവരെ അംഗമാക്കുന്നതിനെതിരെ അയല്‍ രാജ്യമായ ഗ്രീസ് എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു. അതിനാല്‍ നയതന്ത്രപരമായും സാമ്പത്തികമായും മാസിഡോണിയ ഒറ്റപ്പെടുത്തപ്പെട്ടു.

ഗ്രീസിന്റെ വടക്കന്‍ പ്രദേശത്തിന്റെ പേരും മാസിഡോണിയ എന്നാണ്. അവര്‍ തങ്ങളുടെ മാസിഡോണിയയിലേക്ക് നുഴഞ്ഞുകയറുമെന്നും അവകാശം സ്ഥാപിക്കുമെന്നും ഗ്രീസ് ഭയന്നിരുന്നു. ഇതാണ് തര്‍ക്കത്തിന്റെ പ്രധാന കാരണമായിരുന്നത്. രണ്ടു മാസിഡോണിയയും ഒരുകാലത്ത് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. തങ്ങളുടെ ജനതയുടെ വേരുകള്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഭരിച്ചിരുന്ന പുരാതന രാജ്യമായ മാസിഡോണിലാണെന്നും അതുകൊണ്ടുതന്നെ മാസിഡോണിയ എന്ന പേര് തങ്ങള്‍ക്കാണ് ചേരുകയെന്നും കാലാങ്ങളായി ഇരുകൂട്ടരും വാദിക്കുന്നു.

ഏറെ നാളത്തെ ചര്‍ച്ചകളുടെ ഫലമായാണ് ജൂണ്‍ മാസത്തില്‍ പേരു മാറ്റുന്നതു സംബന്ധിച്ച കരാറില്‍ ഗ്രീക്ക് മാസിഡോണിയന്‍ വിദേശകാര്യ മന്ത്രിമാരായ നികോസ് കോട്യാസും നികോള ദിമിത്രോവും ഒപ്പുവെച്ചത്. റിപ്പബ്ലിക് ഓഫ് മാസിഡോണിയയും ഗ്രീസും തമ്മിലുള്ള പേര് മാറ്റത്തിനുള്ള കരാര്‍ അംഗീകരിച്ചുകൊണ്ട് നാറ്റോയിലും, യൂറോപ്യന്‍ യൂണിയണിലും അംഗത്വം ആവശ്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നതു മാത്രമായിരുന്നു ചോദ്യം. 1.8 മില്യണ്‍ വോട്ടര്‍മാരില്‍ 57 ശതമാനം പേരും ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്നും, അതില്‍ 70 ശതമാനം പേരും പേര് മാറ്റത്തെ അംഗീകരിക്കുമെന്നും ‘ടെല്‍മ ടി.വി’ നടത്തിയ ഒരു അഭിപ്രായ സര്‍വേ പ്രവചിച്ചിരുന്നു. ഇത്തരം പ്രവചനങ്ങളെയെല്ലാം ജനങ്ങളുടെ അട്ടിമറിച്ചിരിക്കുകയാണ്.

യൂഗോസ്ലാവ്യയില്‍ നിന്ന് സ്വാതന്ത്യം നേടിയ, കേവലം രണ്ട് മില്യണ്‍ ആളുകള്‍ മാത്രമുള്ള രാജ്യത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടമാണ് നടന്നത്. ഹിതപരിശോധനയിലൂടെ പേരുമാറ്റ കരാര്‍ ജനം അംഗീകരിച്ചാല്‍ പേരു മാറ്റുന്നതിനായി ഭരണഘടന ഭേദഗതി കൊണ്ടുവരികയായിരുന്നു സംഭവിക്കുക. പരാജയപ്പെട്ടാല്‍ വീണ്ടും പാര്‍ലമന്റില്‍ വോട്ടെടുപ്പ് നടക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: