ഇന്‍ഡോനീഷ്യയിലെ ഭൂകമ്പവും സുനാമിയും: മരണം 1,200 കടന്നു

ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെയെണ്ണം 1,234 ആയി. ദുരന്ത നിവാരണ ഏജന്‍സി വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുലവേസിയില്‍ മണ്ണിനടിയിലായ പള്ളിയില്‍നിന്ന് ഒരു ഡസനിലേറെ വിദ്യാര്‍ഥികളുടെ മൃതദേഹം കൂടി കണ്ടെത്തിയതിന് ശേഷമുള്ള കണക്കാണിത്.

വെള്ളിയാഴ്ച ഭൂകമ്പമാപിനിയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തീരദേശ നഗരമായ പാലു പൂര്‍ണമായും തകര്‍ന്നു. മൂന്നുതവണ ആഞ്ഞടിച്ച കൂറ്റന്‍ തിരമാലകളില്‍ ആയിരക്കണക്കിന് വീടുകളും ഷോപ്പിങ് മാളുകളും പള്ളികളുമുള്‍പ്പെടെ നിലംപൊത്തി. രക്ഷപ്പെട്ടവര്‍ കൂട്ടം ചേര്‍ന്ന് പലായനം നടത്തുന്ന സാഹചര്യത്തില്‍ പ്രേതഭൂമിയായി മാറിയിരിക്കുകയാണ് സുലാവെസി. രക്ഷാപ്രവര്‍ത്തകര്‍ ഇനിയും ചില മേഖലകളില്‍ എത്താന്‍ ബാക്കിയുള്ളതിനാല്‍ മരണ സംഖ്യ ഉയരാന്‍? സാധ്യതയുണ്ട്?.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ദുരന്ത നിവാരണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഭൂകമ്പത്തിനും സുനാമിക്കും ഇരകളായ രണ്ട് ലക്ഷത്തിലേറെപ്പേരുടെ പുനരധിവാസത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി രാജ്യാന്തര സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് ഇന്‍ഡോനീഷ്യ. നിലവില്‍ ഇന്‍ഡോനീഷ്യന്‍ പട്ടാളത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ദുന്തത്തെ അതിജീവിച്ചവര്‍ നേരിടുന്നത് കടുത്ത ക്ഷാമമാണ്. ഭക്ഷ്യ ക്ഷാമവും ശുദ്ധജല ദൗര്‍ലഭ്യവും രൂക്ഷമാണെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ ആശുപത്രികള്‍ പരിക്കേറ്റവരേക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: