വാതില്‍പഴുതുകളില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണം; ഡബ്ലിനിലെ ജനങ്ങൾ ജാഗ്രതയില്‍

ഡബ്ലിന്‍: വീടുകളിലെ വാതില്‍ പഴുതുകളില്‍ സെല്ലോ ടേപ്പ് ഒട്ടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എങ്കില്‍ ജാഗ്രത പാലിക്കണമെന്ന് വീട്ടുടമകള്‍ക്ക് നിര്‍ദ്ദേശം. വീടുകളില്‍ ആളില്ലെന്ന സൂചന നല്‍കാനാണ് മോഷ്ടാക്കളുടെ ഈ സെല്ലോ ടേപ്പ് പരിപാടിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഡബ്ലിനിലെ വീടുകളാണ് ഈ രീതിയിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്.

മോഷ്ടാക്കളുടെ ഒരു രീതിയാണ് ഇതെന്നാണ് പ്രദേശവാസികള്‍ കരുതുന്നത്. ലക്ഷ്യംവെയ്ക്കുന്ന വീടിന്റെ കീഹോളില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചാണ് നിരീക്ഷണം. നോര്‍ത്ത് സ്ട്രാണ്ടിലെ രണ്ട് വീടുകളില്‍ ഇത്തരത്തില്‍ ടേപ്പ് ഒട്ടിച്ചിരുന്നു. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. പല ഭാഗങ്ങളിലും ഈ രീതി ഉപയോഗിച്ചിട്ടുള്ളതായി പ്രദേശവാസികള്‍ അവകാശപ്പെടുന്നു. ഇതോടെ പ്രശ്‌ന പരിഹാരത്തിനായി ലോക്കല്‍ റ്റിഡിയെയും ഗാര്‍ഡയെയും സമീപിച്ചിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.

ഇതേത്തുടര്‍ന്ന് പ്രദേശത്ത് പോലീസ് പട്രോളിംഗ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ടേപ്പ് ഒട്ടിച്ചതായി കണ്ടെത്തിയാല്‍ ഉടന്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ സിയാറന്‍ കഫ് സ്ഥിരീകരിച്ചു. ആള്‍താമസമില്ലാത്ത ഒരുപാട് ഒഴിഞ്ഞ കെട്ടിടങ്ങള്‍ ഈമേഖലയില്‍ ഉള്ളതാണ് കള്ളന്മാര്‍ ഇവിടം ലക്ഷ്യമിടാന്‍ കാരണമെന്നാണ് കരുതുന്നത്.

ഡബ്ലിനിലെ ബാലിബ്രാക്ക്, ഷാന്‍കില്‍ പ്രദേശങ്ങളില്‍ നടപ്പാതകളില്‍ ചില അജ്ഞാതമായ റോഡ് മാര്‍ക്കിംഗുകള്‍ നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് മോഷ്ടാക്കള്‍ വീടുകളിലേക്കുള്ള അടയാളം രേഖപ്പെടുത്തിയതാകാമെന്ന് നേരത്തെ പ്രചരിച്ചിരുന്നു. ഇതിനു ശേഷമാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്ന പുതിയ സെല്ലോ ടേപ്പ് പ്രശ്നം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: