അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച മുന്നോട്ടെന്ന് സെന്‍ട്രല്‍ ബാങ്ക്; 2020തോടെ 154,000 പുതിയ തൊഴിലവസരങ്ങള്‍

ഡബ്ലിന്‍ : രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷയില്‍ വര്‍ധനയുണ്ടാവുമെന്ന് കരുതുന്നതായി സെന്‍ട്രല്‍ ബാങ്ക്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് സാമ്പത്തികവളര്‍ച്ച ഇതേ രീതിയില്‍ തുടരുമെന്നും വ്യക്തമാക്കി. തൊഴിലവസരങ്ങളില്‍ പൂര്‍ണ്ണത കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ; എന്നാണ് ബ്രെക്‌സിറ്റ് ഇതിന് തടസ്സമാകമെന്നാണ് കരുതുന്നത്. ബ്രക്‌സിറ്റുയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചും സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യാന്തര പ്രതിസന്ധികളില്‍ നിന്നും ഐറീഷ് സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളികള്‍ ഉണ്ടായേക്കാമെന്ന് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ 2018 ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബുള്ളറ്റിനില്‍ സമ്പദ് വ്യവസ്ഥയിലെ സമീപകാല പ്രവണതകള്‍ പരിശോധിക്കുകയും, ഐറിഷ് സമ്പദ് വ്യവസ്ഥയ്ക്ക് വരുംകാല പ്രവചനങ്ങള്‍ നല്‍കുകയും ആഭ്യന്തര സാമ്പത്തിക നയ വിഷയങ്ങളെക്കുറിച്ചുള്ള സെന്‍ട്രല്‍ ബാങ്കിന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് ആഭ്യന്തര വളര്‍ച്ച ഈ വര്‍ഷം 5.6 ശതമാനമായി ഉയരും. കഴിഞ്ഞ വര്‍ഷം ഇത് 4.4 ശതമാനമായിരുന്നു. 2019 ല്‍ 4.2 ശതമാനവും 2020 ല്‍ 3.6 ശതമാനവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ മേഖലയിലെ വളര്‍ച്ചയും വരുമാന വര്‍ധനവുമാണ് ഈ വളര്‍ച്ചാ പ്രതീക്ഷയ്ക്ക് ആധാരമായതെന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു. പ്രവാസി തൊഴിലാളികളുടെ വര്‍ധനവ് തൊഴില്‍ മേഖലയില്‍ അധിക ശേഷി കൈവരിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. കയറ്റുമതി വളര്‍ച്ചാ പ്രതീക്ഷയും ഉയര്‍ന്ന നിരക്കിലാകുമെന്നും ബുള്ളറ്റിനില്‍ ബാങ്ക് വെളിപ്പെടുത്തുന്നു. വളര്‍ച്ചാ നിരക്കിലെ പുതിയ വര്‍ധനാ പ്രതീക്ഷ ആഭ്യന്തര സമ്പദ് വ്യവസ്ഥയില്‍ ശക്തമായ മാറ്റങ്ങളുണ്ടാക്കും.

തൊഴിലവസരങ്ങളിലെ വളര്‍ച്ച അടുത്ത വര്‍ഷം മിതമായ നിരക്കിലാകും.പിന്നീട് അത് പടിപടിയായി വര്‍ധിക്കും. 2020 ഓടെ 154,000 ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിയ തൊഴിലവസര നിലവാരം 2.35 മില്ല്യണ്‍ ആണ്.

ഭവന മേഖല, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ആഭ്യന്തര നിക്ഷേപങ്ങളില്‍ വളര്‍ച്ച ഉണ്ടാകുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കണക്കനുസരിച്ച് ഈ വര്‍ഷം 19,000 വീടുകള്‍ പൂര്‍ത്തിയാകും, 2019 ല്‍ 24,000, 2020 ല്‍ 28,500 വീടുകള്‍ പൂര്‍ത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു.

സെന്‍ട്രല്‍ ബാങ്കിന്റെ പ്രവചങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് സാമ്പത്തിക നിരീക്ഷകനും എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറുമായ മാര്‍ക്ക് കാസ്സിഡി അഭിപ്രായപ്പെട്ടു. 2020 ആകുമ്പോഴേക്കും 150,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നല്ല കാര്യമാണ്. എന്നാല്‍ ബ്രെക്‌സിറ്റ് മൂലം ഐറിഷ് സമ്പദ് വ്യവസ്ഥയ്ക്ക് ഉടന്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. സാമ്പത്തിക വെല്ലുവിളികള്‍ അയര്‍ലണ്ടിന് തുടര്‍ന്നും അഭിമുഖീകരിക്കേണ്ടതായി വരും. ഇതിനെ അതിജീവിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ആഭ്യന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: