കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ചിന് പുനഃരാരംഭിക്കും

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ചിന് പുനഃരാരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള വിമാനമാണ് അനിശ്ചിതങ്ങള്‍ക്ക് വിടനല്‍കി കരിപ്പൂരില്‍ പറന്നിറങ്ങുക. പ്രവാസികളുടെയും സന്നദ്ധ സംഘടനകളുടേയും ഏറെ നാളത്തെ പ്രക്ഷോഭങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷമാണ് സര്‍വീസ് പുനഃസ്ഥാപിക്കുന്നത്.

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നത്. ഡിസംബര്‍ അഞ്ചിന് ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വലിയ വിമാനമാണ് കരിപ്പൂരിലെ നവീകരിച്ച റണ്‍വേയിലേക്ക് പറന്നിറങ്ങുക. പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 11.10ന് കരിപ്പൂരിലെത്തും. തിരിച്ച് 12.50ന് ജിദ്ദയിലേക്ക മടങ്ങും. കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് വ്യോമയാന മന്ത്രാലയം സൗദി എയര്‍ലൈന്‍സിന് അനുമതി നല്‍കിയത്. 777200 ഇആര്‍, എ 330300 വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ക്കാണ് അനുമതി.

ഇതോടൊപ്പം കരിപ്പൂരില്‍ നിന്നും നേരത്തേ തിരുവന്തപുരത്തേക്ക് മാറ്റിയ സര്‍വീസ് പുനഃസ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അടുത്ത മാര്‍ച്ച് വരെ തിരുവനന്തപുരത്തുനിന്നുള്ള ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശം നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സൗദി എയര്‍ലൈന്‍സ് നിലപാട് എടുത്തതോടെ വീണ്ടും അനിശ്ചിതതത്വം ഉടലെടുത്തു. തുടര്‍ന്ന് അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ തിരുവന്തപുരത്തുനിന്നുള്ള സര്‍വീസ് തുടരാന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് പുതിയ സര്‍വീസിന് വഴിയൊരുങ്ങിയത്.

നേരത്തേ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറാകാത്തതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്കായിരുന്നു കോഴിക്കോട് സാക്ഷ്യം വഹിച്ചിരുന്നത്. റണ്‍വേയുടെ നവീകരണത്തിനൊപ്പം വലിയ വിമാനങ്ങള്‍ക്ക് കുടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റിസയുടെ നീളവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡിജിസിഎയുടെ നിര്‍ദേശപ്രകാരം കരിപ്പൂരില്‍ നടന്ന കാലിബറേഷന്‍ പരിശോധനയില്‍ വലിയ വിമാനങ്ങളുടെ ലാന്റിംഗിന് റണ്‍വേ സജ്ജമാണെന്നും വ്യക്തമായി.

ഇതോടെയാണ് സര്‍വീസ് നടത്താന്‍ വിമാനകമ്പനികള്‍ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചത്. അനുമതി ലഭിച്ച സൗദി എയര്‍ലൈന്‍സ് ജിദ്ദയിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസും റിയാദിലേക്ക് രണ്ട് സര്‍വീസുകളുമായിരിക്കും നടത്തുക. ഇതിനൊപ്പം മറ്റ് വിമാനകമ്പനികള്‍ കൂടി സര്‍വീസ് നടത്താന്‍ അനുമതി ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായാണ് വിവരം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: