മുംബൈ ഭീകരാക്രമണം: വിവരം നല്‍കുന്നവര്‍ക്ക് 35 കോടി രൂപ നല്‍കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: 2008 മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ സഹായിക്കുകയോ ചെയ്ത ഭീകരരെ പിടികൂടാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഇനാം പ്രഖ്യാപിച്ചു. 5 മില്യണ്‍ ഡോളര്‍(35 കോടിയിലധികം രൂപ) ആണ് ഇനാം. ലോകത്തെയാകെ നടുക്കിയ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രഖ്യാപനം.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ ആറ് അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ അടക്കം 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണത്തെ പൈശാചികമെന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ ക്രൂരതയ്ക്ക് ഉത്തരവാദികളായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും അവരുടെ സഹസംഘടനകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താന്‍ പാകിസ്താനും മറ്റ് രാജ്യങ്ങളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

ആക്രമണം നടന്ന് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ആക്രമണം ആസൂത്രണം ചെയ്തവരെ ശിക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ജീവന്‍ നഷ്ടപ്പെട്ടവരോട് കാണിക്കുന്ന അനീതിയാണ്. ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഇന്ത്യന്‍ ജനതയ്ക്കും മുംബൈ നഗരത്തിനും അമേരിക്കന്‍ ഭരണകൂടത്തിന്റെയും അമേരിക്കന്‍ ജനതയുടെയും പേരില്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. പൈശാചികമായ ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്ക് ചേരുന്നതായും മൈക്ക് പോംപിയോ കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായ സ്റ്റേറ്റ് റിവാഡ്സ് ഫോര്‍ ജസ്റ്റിസ് (ആര്‍.എഫ്.ജെ) ആണ് തുക പ്രഖ്യാപിച്ചിട്ടുള്ളത്. കടല്‍ കടന്നെത്തിയ 10 ലഷ്‌കര്‍ ഭീകരരാണ് 26/11 എന്നറിയപ്പെടുന്ന ആക്രമണത്തില്‍ പങ്കെടുത്തത്. ഇവരില്‍ ഒന്‍പത് പേര്‍ പിന്നീട് സുരക്ഷാ സേനകളുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ജീവനോടെ പിടികൂടിയ ഭീകരന്‍ അജ്മല്‍ കസബിനെ ഇന്ത്യ തൂക്കിലേറ്റുകയും ചെയ്തു. ലഷ്‌കര്‍ ഈ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിരുന്നെങ്കിലും ഇതിന്റെ ആസൂത്രകരെ ആരെയും പിടികൂടാനോ ശിക്ഷിക്കാനോ സാധിച്ചില്ല.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: