ഡയാന കൊടുങ്കാറ്റ്: വിമാന സര്‍വീസുകളെ അടിമുടി ബാധിച്ചു; പലയിടത്തും ഗതാഗത തടസ്സവും വൈദ്യുതി തകരാറും

ഡയാന കൊടുങ്കാറ്റ് കനത്ത തടസ്സം സൃഷ്ടിച്ചതോടെ ഡബ്ലിന്‍, കോര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്നും നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും വൈകുകയും ചെയ്തിട്ടുണ്ട്. പതിനാലോളം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി കോക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. അയര്‍ലണ്ടിലെ പ്രധാന എയര്‍പോര്‍ട്ടായ ഡബ്ലിനില്‍ ഇറങ്ങേണ്ട പല വിമാനങ്ങളും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വഴിതിരിച്ചു വിട്ടു. ഇവിടെ നിന്ന് പുറപ്പെടേണ്ട പല വിമാനങ്ങളും റദ്ദാക്കിയിട്ടുമുണ്ട്.

ഷാനന്‍ എയര്‍പോര്‍ട്ട് പൂര്‍ണമായി പ്രവര്‍ത്തനനിരതമാണ്. അതേസമയം ഇവിടുത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ഡബ്ലിനില്‍ ഇറങ്ങേണ്ട പല വിമാനങ്ങളും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഷാനോനിലേക്ക് തിരിച്ചുവിട്ടിരുന്നു. യാത്രക്കാര്‍ വിമാന സര്‍വീസുകളെ കുറിച്ചുള്ള വിവരങ്ങള്‍ അതാത് എയര്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ നിന്ന് അപ്‌ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്.

എയര്‍പോര്‍ട്ടിലേക്ക് യാത്രചെയ്യുന്നതിനു മുമ്പ് യാത്രക്കാര്‍ അവരുടെ വിമാനക്കമ്പനികളുടെ സര്‍വീസ് ലിസ്റ്റ് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. റദ്ദാക്കിയ വിമാനങ്ങളുടെ യാത്രയ്ക്കായി ബുക്ക് ചെയ്യപ്പെട്ട യാത്രക്കാര്‍ക്ക് വരും ദിവസങ്ങളില്‍ സൗജന്യമായി യാത്രചെയ്യുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായ റീഫണ്ട് അഭ്യര്‍ത്ഥിക്കുകയോ ചെയ്യാം.

വൈദ്യുതി പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അടിയന്തിര സഹായം എത്തിക്കുന്നതിന് സജ്ജമാണെന്ന് ഇ എസ് ബി നെറ്റ്വര്‍ക്ക് അറിയിച്ചു. കാലാവസ്ഥ അതികഠിനമാകുന്നെങ്കില്‍ വൈദ്യുതി മുടങ്ങാനുള്ള സാഹചര്യം ഉള്ളതിനാല്‍ അതിനുള്ള മുന്‍കരുതലുകളും ഉണ്ടാകണമെന്ന് അറിയിച്ചിട്ടുണ്ട്. ഫോണ്‍ ചാര്‍ജ് ചെയ്തിരിക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ടോര്‍ച്ചുകളും ബാറ്ററികളും കരുതിയിരിക്കാനും നിര്‍ദ്ദേശം നല്‍കുന്നുണ്ട്. അതോടൊപ്പം ആവശ്യത്തിന് ഭക്ഷണവും വെള്ളവും കരുതിയിരിക്കണം. വൃദ്ധരായവര്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും ഇത്തരത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുകൊടുക്കാന്‍ അയല്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ഇ എസ് ബി ഓര്‍മപ്പെടുത്തുന്നു.

കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, ക്ലയര്‍, വെക്സ്‌ഫോര്‍ഡ്, ഗാല്‍വേ എന്നീ കൗണ്ടികളിലും ഓറഞ്ച് വാണിങ്ങുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇന്ന് പകല്‍ മുഴുവന്‍ യെല്ലോ വാണിങ്ങുകളും മെറ്റ് ഐറാന്‍ പുറപ്പെടുവിച്ചു. അറ്റ്ലാന്റിക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് കൊടുങ്കാറ്റായി രൂപം മാറിയത്. ശക്തമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനൊപ്പം മഴയും, കടല്‍ക്ഷോപവും ചേര്‍ന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

പല കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നു പോയി. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹൈവേകളില്‍ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടായി. മോട്ടോര്‍വേകളില്‍ ഗതാഗത കുരുക്ക് പലയിടത്തും രൂക്ഷമായി തുടരുന്നുമുണ്ട്. പല റോഡുകളിലും സ്പീഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെറിയില്‍ Kenmare/Clonkeen റോഡില്‍ (R569) മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് ഗതാഗത തടസ്സം റിപ്പോര്‍ട്ട് ചെയ്തു. കോര്‍ക്കിലെ ന്ച73 ല്‍ Annakisha South ലും ഇതേ കാരണത്താല്‍ ഗതാഗത തടസ്സമുണ്ടായി. മിഡില്‍ട്ടനില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് AA റോഡ് വാച്ചിന്റെ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: