കരാറില്ലാത്ത ബ്രെക്‌സിറ്റിന് തയ്യാറെടുത്ത് അയര്‍ലണ്ടും യൂറോപ്യന്‍ യൂണിയനും

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് പിന്‍മാറ്റ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്ന ഘട്ടത്തില്‍ കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള തയാറെടുപ്പുകള്‍ അയര്‍ലണ്ടും ആരംഭിച്ചു. ഔദ്യോഗിക കരാറില്ലാതെ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ സ്വീകരിക്കേണ്ട പദ്ധതികള്‍ യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു തുടങ്ങി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുമ്പോള്‍ തങ്ങളുടെ വ്യോമഗതാഗതത്തെയും സാമ്പത്തിക വിപണികളെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്. ഗതാഗതം, കസ്‌ററംസ് പരിശോധന, ഡേറ്റാ സംരക്ഷണം, മൃഗസസ്യ സംരക്ഷണം, കാലാവസ്ഥാ നയങ്ങള്‍, സാമ്പത്തിക ഉത്പന്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സ്ഥിരതാമസക്കാര്‍ക്കുള്ള അവകാശങ്ങള്‍ നല്‍കാന്‍ ബ്രിട്ടന്‍ തയ്യാറായാല്‍ യൂറോപ്പില്‍ ജീവിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും സ്ഥിരതാമസക്കാരുടെ മുഴുവന്‍ അവകാശങ്ങളും നല്‍കുമെന്നാണ് യൂണിയന്റെ നിലപാട്. എന്നാല്‍, കരാറില്ലാതെ ബ്രെക്‌സിറ്റ് സംഭവിക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളെ നേരിടാന്‍ ഈ പദ്ധതികള്‍ മതിയാവില്ലെന്നും നഷ്ടം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ മാത്രമാണിതെന്നും യൂണിയന്‍ വ്യക്തമാക്കുന്നു.

നേരത്തേ ഔദ്യോഗിക കരാറില്ലാതെ യൂണിയനില്‍നിന്ന് വിട്ടുപോരേണ്ട സാഹചര്യമുണ്ടായാല്‍ വരുന്ന സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് സര്‍ക്കാര്‍വിഭാഗങ്ങളെ രക്ഷിക്കാന്‍ 200 കോടി യൂറോയുടെ ഫണ്ടിന് ബ്രിട്ടീഷ് മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നല്‍കിയിരുന്നു. പുതിയ പ്രഖ്യാപനം അനുസരിച്ച്, യൂറോപ്യന്‍ യൂണിയനകത്തേക്കും തിരിച്ചും ബ്രിട്ടീഷ് എയര്‍ലൈന്‍സിന് സര്‍വീസ് നടത്താം. എന്നാല്‍, യൂണിയന്‍ അംഗങ്ങളായ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് സര്‍വീസ് നടത്താനാവില്ല. റോഡുമാര്‍ഗം യൂറോപ്യന്‍ യൂണിയനിലേക്ക് ചരക്കെത്തിക്കുന്നതിന് അടുത്ത ഒമ്പതുമാസത്തേക്ക് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. ഒന്നോ രണ്ടോ വര്‍ഷത്തേക്ക്, യൂറോപ്യന്‍ യൂണിയനിലേതിനു സമാനമായി ബ്രിട്ടനിലെ ഏതാനും ചില മേഖലകള്‍ക്ക് മാത്രം സാമ്പത്തിക സര്‍വീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും പുതിയ പദ്ധതി അനുശാസിക്കുന്നു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: