അമേരിക്കയിലെ ട്രഷറി സ്തംഭനത്തിന് താത്ക്കാലിക വിരാമം

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ട്രഷറി സ്തംഭനത്തിന് താല്‍ക്കാലിക വിരാമമായി. മൂന്നാഴ്ചത്തേക്ക് സര്‍ക്കാര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുമായി ധാരണയായെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. മെക്സിക്കോ അതിര്‍ത്തിയിലെ മതിലിന് ഫണ്ട് പാസാക്കാതെ തന്നെയാണ് ട്രഷറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ട്രംപ് സമ്മതിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ട്രഷറി സ്തംഭനമാണ് തത്ക്കാലത്തേക്ക് അവസാനിച്ചിരിക്കുന്നത്.

ഫെബ്രുവരി പതിനഞ്ചു വരെയാണ് ട്രഷറി തുറന്നു പ്രവര്‍ത്തിക്കുകയെന്ന് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. മെക്സിക്കോ അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന മതിലിന്റെ വിഷയത്തില്‍ മൂന്നാഴ്ചക്കകം തീരുമാനമാകുമെന്നാണ് പ്രതീക്ഷ. അതിനകം സമവായമുണ്ടായില്ലെങ്കില്‍ വീണ്ടും ട്രഷറി അടച്ചിടുകയോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റ് , റിപ്പബ്ലിക്കന്‍ അംഗങ്ങളും നേതാക്കളും ഉള്‍പ്പെടുന്ന ഉഭയകക്ഷി സമിതി ഉടനടി സമവായ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. മതിലെന്ന ആശയത്തോട് ഡെമോക്രാറ്റുകളും യോജിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. മതില്‍ നിര്‍മ്മിക്കാന്‍ അഞ്ച് ദശാംശം ഏഴ് ബില്ല്യന്‍ ഡോളറിന്റെ ഫണ്ടാണ് ഡോണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് പാസാക്കാന്‍ ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ വിസമ്മതിക്കുകയാണ്. ഫണ്ട് പാസാകാതെ സര്‍ക്കാര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന പ്രശ്നമില്ലെന്ന നിലപാടെടുത്ത ഡോണാള്‍ഡ് ട്രംപിന് ഒടുവില്‍ ഡെമോക്രാറ്റുകളുമായി ധാരണയിലെത്തേണ്ടി വരികയായിരുന്നു.

ഇന്നത്തെ പ്രഖ്യാപനത്തോടെ മുപ്പത്തിയഞ്ചു ദിവസം നീണ്ട ട്രഷറി സ്തംഭനമാണ് അവസാനിച്ചത്. അതിര്‍ത്തിയില്‍ ശക്തമായ മതില്‍ വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഫെബ്രുവരി 15 നകം ഇക്കാര്യത്തില്‍ ധാരണയുണ്ടാകുന്നില്ലെങ്കില്‍ വീണ്ടും ഷട്ട്ഡൗണ്‍ ഉണ്ടായേക്കാം. അല്ലെങ്കില്‍ പ്രസിഡന്റ് എന്ന നിലയില്‍ അമേരിക്കന്‍ ഭരണഘടന എനിക്കു നല്‍കുന്ന അധികാരം ഉപയോഗിച്ച് ഈ അടിയന്തര സാഹചര്യത്തിന് പരിഹാരം കാണുമെന്നും ട്രമ്പ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: