കൊടുതണുപ്പില്‍ വിറങ്ങലിച്ചു അയര്‍ലണ്ട്; താപനില മൈനസ് ഏഴ് ഡിഗ്രിയിലേക്ക്; യെല്ലോ വാണിങ് നീട്ടി മെറ്റ് ഐറാന്‍

പുതുവര്‍ഷത്തില്‍ ഏറ്റവും കടുപ്പമേറിയ കാലാവസ്ഥയാണ് അയര്‍ലണ്ട് ജനത ഈ ദിവങ്ങളില്‍ അഭിമുഖീകരിക്കുന്നത്. മെറ്റ് ഐറാന്‍ മുന്നറിയിപ്പ് ശരിവച്ചുകൊണ്ട് കൊടും ശൈത്യമായിരുന്നു കഴിഞ്ഞ രാത്രിയും അനുഭവപ്പെട്ടത്. താപനില മൈനസ് ഏഴു ഡിഗ്രിയിലേക്ക് താഴുമെന്നാണ് കരുതുന്നത്. ഐറിഷ് മലനിരകളില്‍ ഇപ്പോഴും കനത്ത ഹിമപാതമാണ് അനുഭവപ്പെടുന്നത് അടുത്ത ദിവസങ്ങളിലൊന്നും ഇത് കുറയാന്‍ സാധ്യതയില്ല. പല റോഡുകളിലും ഗതാഗത സ്തംഭനം രൂക്ഷമായി. ഹൈവേകളില്‍ നിരവധി വാഹനങ്ങള്‍ ആണ് കുരുങ്ങിയത്. പല സ്‌കൂളുകളും ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്.

രാജ്യത്തിന്റെ മിക്ക ഇടങ്ങളിലും 2.5 സെ.മി കനത്തില്‍ മഞ്ഞുവീഴ്ച ഉണ്ടായി. വിക്കലോ മലനിരകളില്‍ 15 സെ.മി ഗണത്തിലാണ് മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തെക്കന്‍ അയര്‍ലണ്ടിലേക്കും പിന്നീട് നോര്‍ത്ത് വെസ്റ്റേണ്‍ ഫ്രാന്‍സിലേക്കും സംഭരിക്കും. മഞ്ഞ് വീഴ്ച കനത്തതോടെ ശനിയാഴ്ച രാത്രി വരെ നല്‍കിയിരുന്ന യെല്ലോ വാണിങ് ഞായറാഴ്ച വൈകുന്നേരം വരെ മെറ്റ് ഐറാന്‍ നീട്ടിയിട്ടുണ്ട്.

മോട്ടോറിസ്റ്റുകള്‍ റോഡില്‍ അപകടകരമായ സാഹചര്യമാണ് നേരിടുന്നത്. ഐസ് നിറഞ്ഞ് ദുര്‍ഘടമായ റോഡാണ് വാഹനങ്ങളെ കാത്തിരിക്കുന്നത്. പല വിമാനങ്ങളും റദ്ദാക്കുകയോ വൈകി സര്‍വീസുകള്‍ നടത്തുകയോ ചെയ്യുന്നുണ്ട്. ചില ഇടങ്ങളില്‍ റെയില്‍വെ ലൈനുകള്‍ അടച്ചിടുകയും ചെയ്തു. മഞ്ഞുകൂമ്പാരത്തില്‍ വാഹനങ്ങള്‍ തെന്നിയതോടെ മോട്ടോറിസ്റ്റുകള്‍ വഴിയില്‍ കുരുങ്ങി.

പലയിടത്തും സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് അതാത് സ്‌കൂള്‍ അധികൃതര്‍ക്ക് അനുവാദം നല്‍കി. പ്രതികൂല കാലാവസ്ഥയില്‍ സ്‌കൂള്‍ ബസുകള്‍ റോഡിലിറങ്ങാന്‍ പ്രയാസപ്പെട്ടതോടെയാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിനൊപ്പം രാത്രിയില്‍ പവര്‍കട്ടുണ്ടാകാനും ഗ്രാമപ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടിയന്തരസാഹചര്യത്തില്‍ സഹായിക്കാന്‍ സൈന്യം സജ്ജരായിട്ടുണ്ട്. റോഡില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലുമായുണ്ടായ ബീസ്റ്റ് ഫ്രം ദ ഈസ്റ്റ് കാലാവസ്ഥയ്ക്കുശേഷം ഏറ്റവും ശൈത്യമേറിയ കാലാവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ദര്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: