ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി

ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞുങ്ങളില്‍ ഒരാളായി പിറക്കുകയും ജീവന്‍ കൈവിടാതെ പിടിച്ചുനില്‍ക്കുകയും ചെയ്ത കുഞ്ഞ് ആറ് മാസത്തെ ആശുപത്രി വാസത്തിനൊടുവില്‍ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ആഗസ്റ്റില്‍ പിറക്കുമ്പോള്‍ അര കിലോയ്ക്ക് താഴെയായിരുന്നു കുഞ്ഞിന്റെ ഭാരം. ടോക്യോയിലെ കെയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് ഈ ആണ്‍കുഞ്ഞ് പിറന്നത്.

24 ആഴ്ചയിലെ സ്‌കാനിംഗില്‍ കുഞ്ഞിന് വളര്‍ച്ചയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ജീവന്‍ അപകടത്തിലാകുമെന്നായിരുന്നു ഇവരുടെ ആശങ്ക. ഡോക്ടറുടെ കൈപ്പത്തിക്കുള്ളില്‍ ഇരിക്കാന്‍ പാകത്തിലുള്ള ശരീരവുമാണ് കുഞ്ഞിനുണ്ടായിരുന്നത്. ഭാരം 3.2 കിലോ ആയി വളരുന്നത് വരെ നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലായിരുന്നു പരിചരണം.

കഴിഞ്ഞ ദിവസം ചികിത്സ പൂര്‍ത്തിയാക്കി കുഞ്ഞുമായി വീട്ടുകാര്‍ വീട്ടിലേക്ക് മടങ്ങി. പ്രസവ തീയതി നിശ്ചയിച്ചതിന് കൃത്യം രണ്ട് മാസത്തിന് ശേഷമായിരുന്നു ഈ മടക്കം. ഭാരവും, ശ്വാസോച്ഛാസവും മെച്ചപ്പെട്ട് മുലയൂട്ടല്‍ തുടങ്ങാനുള്ള അവസ്ഥയില്‍ എത്തിക്കുന്നത് വരെയാണ് കുഞ്ഞിന് ചികിത്സ ലഭ്യമാക്കിയത്. ഈ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതോടെ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാമെന്ന ആത്മവിശ്വാസമാണ് രക്ഷിതാക്കള്‍ക്ക് ലഭിച്ചതെന്ന് പീഡിയാട്രീഷ്യന്‍മാര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞെന്ന റെക്കോര്‍ഡാണ് ഈ കുഞ്ഞ് നേടിയിരിക്കുന്നത്. കുട്ടിയുടെ പേര് ഇതുവരെ വീട്ടുകാര്‍ തീരുമാനിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: