അവസ്മാര രോഗികള്‍ക്ക് ആശ്വസിക്കാം; കഞ്ചാവിന്റെ ഔഷധഗുണം ഉപയോഗിക്കാന്‍ അനുമതി; മരുന്ന് എത്തുന്നത് ഡെന്മാര്‍ക്കില്‍ നിന്ന്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇനിമുതല്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ അനുമതി. അവസ്മാര രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കഞ്ചാവിന്റെ ഔഷധ ഗുണം ഇനിമുതല്‍ നിയമാനുമതിയോടെ പ്രയോജനപ്പെടുത്താന്‍ കഴിയും. ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ കഴിയുന്ന നിയമം പാസാക്കപ്പെട്ടിരുന്നു. ഔഷധം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ ഡെന്മാര്‍ക്കിലെ മരുന്ന് കമ്പനിയുമായി ധാരണയായതോടെ വരും ദിവസങ്ങളില്‍ തന്നെ ഇത് വില്പനക്ക് എത്തും. അയര്‍ലണ്ടില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് അവസ്മാര രോഗികള്‍ കഞ്ചാവിന്റെ ഔഷധ വീര്യം ഉപയോഗിക്കാന്‍ രാജ്യത്തിന് പുറത്ത് ചികിത്സ തേടുകയാണ് ചെയ്തുവരുന്നത്.

കഞ്ചാവ് ഔഷധമായി ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വകുപ്പിനുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നതോടെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നിയന്ത്രിതമായ തോതില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാനുള്ള നിയമാനുമതി ലഭിക്കുകയായിരുന്നു. അവസ്മാരം പിടിപെട്ട അഞ്ചുവയസുകാരിയായ മകള്‍ക്ക് കഞ്ചാവിന്റെ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ ഈ ഔഷധത്തിന് നിയമാനുമതി തേടി കോര്‍ക്കുകാരിയായ യുവതി നടത്തിയ പ്രതിഷേധം ജനശ്രദ്ധ നേടിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ആരോഗ്യ രംഗത്ത് കഞ്ചാവിന്റെ ഔഷധഗുണം ഉപയോഗപ്പെടുത്താന്‍ കഴിയുന്ന നിയമം പാസാക്കുമെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് പ്രഖ്യാപനം നടത്തുകയുണ്ടായി. ഇത് നിയമമായതോടെ രാജ്യത്തെ ആയിരക്കണക്കിന് അവസ്മാര രോഗികള്‍ക്ക് സ്വന്തം രാജ്യത്ത് ചികിത്സ നേടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

ഔഷധങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം വന്‍തോതില്‍ ദുരുപയോഗപ്പെടുത്തുമെന്ന ആശങ്കയെ തുടര്‍ന്ന് ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആവശ്യക്കാരായ രോഗികള്‍ക്ക് മാത്രം ഈ ഔഷധം വിതരണം ചെയ്യപ്പെടുന്ന നിയമ വ്യവസ്ഥക്കാണ് ദെയ്ലിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: