അമേരിക്കയില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയുടെ ചികിത്സയ്ക്കുവേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെ എട്ടുദിവസംകൊണ്ടു പിരിച്ചെടുത്തത് ആറു ലക്ഷം ഡോളര്‍…

വാഷിങ്ടണ്‍: യു.എസ്സില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയുടെ ചികിത്സയ്ക്കുവേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെ എട്ടുദിവസംകൊണ്ടു പിരിച്ചെടുത്തത് ആറു ലക്ഷം ഡോളര്‍(ഏകദേശം 4.18 കോടി രൂപ). ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ധൃതി നാരായണ്‍ എന്ന പതിമൂന്നു വയസുകാരിയുടെ ചികിത്സയ്ക്കായാണു ക്രൗഡ് ഫണ്ടിങ് നടത്തിയത്.

കഴിഞ്ഞ ഏപ്രില്‍ 23-ന് ധൃതിയും സഹോദരനും പിതാവും മറ്റു കുടുംബാംഗങ്ങളും റോഡ് കുറുകേ കടക്കുമ്പോള്‍ ഇവര്‍ക്കുനേരേ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. മുന്‍സൈനികനായ സെയ്യ പീപ്പിള്‍സ്(34)ആണു വാഹനം ഓടിച്ചിരുന്നത്. ധൃതിക്കും കുടുംബാംഗങ്ങള്‍ക്കുനേരേയുണ്ടായത് വംശീയ ആക്രമണമാണെന്നും, മുസ്ലിംകളാണെന്നു തെറ്റിദ്ധരിച്ചാണ് ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സെയ്യ പീപ്പിള്‍സ് ഇവര്‍ക്കുമേല്‍ വാഹനം മനഃപൂര്‍വം ഓടിച്ചുകയറ്റിയതെന്നും പോലീസ് പറഞ്ഞു.

കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട പ്രതി സാന്താ ക്ലാര കൗണ്ടി ജയിലിലാണ്. ആക്രമണത്തില്‍ ധൃതിയുടെ സഹോദരനും പിതാവിനും ഉള്‍പ്പെടെ ഏഴുപേര്‍ക്കു പരുക്കേറ്റിരുന്നു. എന്നാല്‍, തലയ്ക്ക് ഉള്‍പ്പെടെ പരുക്കേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഇതോടെയാണ് കുട്ടിയുടെ ചികിത്സാര്‍ഥം പൊതുജനങ്ങളില്‍നിന്ന് സഹായതേടി ‘ഗോഫണ്ട്മി’ എന്ന പേരില്‍ ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. 12,500ലേറെ ആളുകള്‍ ചേര്‍ന്നാണ് സഹായമെത്തിച്ചത്.

Share this news

Leave a Reply

%d bloggers like this: